ദുബൈ (www.mediavisionnews.in): മുംബൈ മുതല്‍ ദുബായ് വരെ അന്തര്‍ജല ഗതാഗതത്തിന് രൂപരേഖയുമായി യു.എ.ഇ സ്ഥാപനം നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് (എന്‍.എ.ബി.എല്‍). യാഥാര്‍ത്ഥ്യമായാല്‍ ഫ്‌ളോട്ടിങ്ങ് അണ്ടര്‍ വാട്ടര്‍ നെറ്റ്‌വര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മുംബൈയേയും ഫുജയ്‌റയേയും ബന്ധിപ്പിക്കും.
1,826 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ നെറ്റ്‌വര്‍ക്ക് യാത്രക്കാരെ കൂടാതെ എണ്ണയും മറ്റ് ചരക്കുകളും അയക്കാന്‍ ഉപയോഗിക്കാമെന്നും എന്‍.എ.ബി.എല്‍ മാനേജിങ്ങ് ഡയരക്ടര്‍ അബ്ദുള്ള അല്‍ഷെഹി ദി ക്വന്റിനോട് പറഞ്ഞു. ‘മണിക്കൂറില്‍ 1,000 വേഗതയില്‍ യാത്ര ചെയ്യുന്ന ട്രെയ്ന്‍, മുംബൈ-ഫുജയ്‌റ യാത്രാ ദൂരം രണ്ട് മണിക്കൂറായി ചുരുക്കും’- അദ്ദേഹം പറഞ്ഞു.
രൂപരേഖ പ്രകാരം അറബിക്കടലിനടിയില്‍ രണ്ട് കോണ്‍ക്രീറ്റ് ട്യൂബുകള്‍ സ്ഥാപിക്കും. കടലിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ സഞ്ചാരത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും ഇത് സ്ഥാപിക്കുക എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതിക്കായുള്ള സാധ്യതാ പഠനം ഇനിയും നടക്കാനിരിക്കുന്നതേയുള്ളു.
പാകിസ്ഥാനിലെ കറാച്ചി പോര്‍ട്ടിലേക്കും, ഒമാനിലെ മസ്‌കറ്റിലേക്കും ഇത്തരത്തില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അല്‍ഷെഹി പറഞ്ഞു.
ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് അല്‍ഷെഹി ഇന്ത്യ-യു.എ.ഇ കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് പുത്തനുണര്‍വ് നല്‍കാന്‍ പദ്ധതിക്ക് കഴിയും. ഇന്ത്യയിലേക്ക് എണ്ണ കയറ്റിയക്കാനും, നര്‍മ്മദയില്‍ വരുന്ന അധിക വെള്ളം അറബിക്കടലിലേക്ക് ഒഴുക്കി വിട്ട് വെള്ളപ്പൊക്കം ഒഴിവാക്കാനും ഈ പദ്ധതി സഹായകരമാവും’- അദ്ദേഹം പറഞ്ഞു.