മംഗളൂരു(www.mediavisionnews.in): എട്ടുതൊഴിലാളികളുമായി ഉൾക്കടലിൽ മീൻപിടിക്കാൻപോയി കാണാതായ സുവർണ ത്രിബുജ എന്ന ബോട്ടിനെക്കുറിച്ച് 13 ദിവസം പിന്നിട്ടിട്ടും ഒരു വിവരവുമില്ല. തൊഴിലാളികളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് തിരച്ചിലിനായി നാവികസേനയും രംഗത്തെത്തി. മംഗളൂരു കോസ്റ്റ്ഗാർഡിന്റെ മൂന്നും ഗോവയിൽനിന്നെത്തിയ രണ്ടും സ്പീഡ് ബോട്ടുകൾ തിരച്ചിൽ നടത്തുന്നുണ്ട്. നാവികസേനയുടെ ഹെലിക്കോപ്റ്റർ കഴിഞ്ഞ മൂന്നുദിവസമായി തിരച്ചിൽ നടത്തിയിട്ടും ബോട്ടിനെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയിലാണ് ബന്ധുക്കൾ.
കടലിലുണ്ടായ കനത്ത മൂടൽമഞ്ഞിൽ വഴിതെറ്റിപ്പോയതാവാം എന്നാണ് കർണാടക കോസ്റ്റ് ഗാർഡ് കമാൻഡർ എസ്.എസ്.ഡാസില നൽകുന്ന സൂചന. എന്നാൽ, ബാറ്ററി റീചാർജ് ചെയ്യാൻ സൗകര്യമുള്ള ബോട്ടിൽ എട്ടുപേരുടെയും ഫോൺ ഒരേസമയം സ്വിച്ച് ഓഫ് ആയത് ആശങ്ക വർധിപ്പിക്കുന്നു. ബോട്ടിലുള്ള മറ്റ് ആശയവിനിമയ സംവിധാനവും പ്രവർത്തിക്കുന്നില്ല. ഉഡുപ്പി മാൽപെ തുറമുഖത്തുനിന്ന് ഡിസംബർ 13-നാണ് ബോട്ട് പുറപ്പെട്ടത്. 15-ന് പുലർച്ചെ ഒരുമണിവരെ ബോട്ടിലുള്ളവർ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിനുശേഷം എല്ലാവരുടെയും ഫോൺ ഓഫ് ആണെന്ന് ബന്ധുക്കൾ മൽപെ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബോട്ടുടമ ചന്ദ്രശേഖർ കൊട്ടിയൻ, ദാമോദർ, ലക്ഷ്മൺ, സതീഷ്, രവി, ഹരീഷ്, രമേഷ്, ജോഗയ്യ എന്നിവരാണ് ബോട്ടിലുള്ളത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.