ജിഫ്രിതങ്ങള്‍ക്കെതിരായ വിമര്‍ശനം; ലീഗിന്റെ ചരിത്രം ചികഞ്ഞ് പുതിയ ചര്‍ച്ചയ്ക്കു തുടക്കം

0
335

കോഴിക്കോട്(www.mediavisionnews.in): ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ സി.പി.ഐ.എം പ്രഭാഷകന്‍ സഹീദ് റൂമി നടത്തിയ പ്രയോഗം വിവാദമാകുന്നു. സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന ജിഫ്രിത്തങ്ങളുടെ പ്രസ്താവനയ്‌ക്കെതിരെയെ വിമര്‍ശിച്ചു കൊണ്ട് റൂമി നടത്തിയ പ്രയോഗമാണ് വിവാദത്തിന് തുടക്കമായത്.

‘ആ പിന്നെ സമസ്ത മുശാവറ കൂടിയല്ലേ വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്ന് പോയെ കാക്ക അവിടുന്ന്’ എന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവനയെ വിമര്‍ശിച്ച് റൂമി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് തികഞ്ഞ വംശീയാക്ഷേപമാണെന്നും ഇടതുപക്ഷത്തിനും കമ്മ്യൂണിസത്തിനും സോഷ്യല്‍ ഇഷ്യുകളില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിന്റെ മറ്റൊരു രേഖയാണീ സംഭവമെന്നുമാണ് മുസ്‌ലിം ലീഗിന്റെ വിമര്‍ശനം. ജിഫ്രി തങ്ങളെ അധിക്ഷേപിക്കുന്നവരോട് ചില ഓര്‍മ്മപ്പെടുത്തലുകള്‍ എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ റൂമിയെ വിമര്‍ശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്നും എപ്പോഴും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ ചിന്തിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചതായി താന്‍ കരുതുന്നില്ലെന്നുമായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന.

ആ പിന്നെ സമസ്ത മുശാവറ കൂടിയല്ലേ വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്, ഒന്ന് പോയെ കാക്ക അവിടുന്ന്. ആദ്യം നിങ്ങളുടെ ആത്മീയ നേതാവ് പണം പാണക്കാട് തങ്ങളുട്ടി നടത്തുന്ന യാത്രയിലെ സ്ത്രീ സാന്നിധ്യത്തിന് മസ്അല ഉണ്ടാക്കാന്‍ ഒന്ന് കൂടീട്ട് മതി സി.പി.ഐ.എമ്മിന്റെ മെക്കിട്ടു കേറല്‍..

സ്ത്രീ പൊതുരംഗ പ്രവേശനത്തെക്കുറിച്ചുള്ള സമസ്ത പ്രമേയം ഒക്കെ പാണക്കാട്ടെ തങ്ങളുട്ടിക്ക് ബാധകമാവുമോ എന്തോ.. ? അല്ലങ്കില്‍ ആ ജാഥക്ക് അഭിവാദ്യമര്‍പ്പിച്ച് സമസ്തയുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തെക്കുറിച്ച് ഒരു വിശദീകരണം സമസ്ത നല്‍കണം’ എന്നായിരുന്നു റൂമി ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് വിശദീകരണവുമായി റൂമി രംഗത്തെത്തി. ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിക്കാനോ തെറി വിളിക്കാനോ നടത്തിയ പ്രയോഗം അല്ലായിരുന്നുന്നെന്നും അതൊരു നാടന്‍ പ്രയോഗമാണെന്നുമാണ് വിശദീകരണം. ‘അതില്‍ പിടിച്ചുതൂങ്ങി എന്നെയും പ്രസ്ഥാനത്തെയും അപമാനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒഞ്ഞ് പോയിനെടാ’ റൂമി പറഞ്ഞു.

‘എന്റെ നാട്ടില്‍ ഞങ്ങള്‍ മൂത്തവരെ ബഹുമാനത്തോടെ വിളിക്കുന്ന പേരാണ് കാക്ക. ആ വാക്ക് ഗുണ്ടകള്‍ കേട്ടാലറക്കുന്ന മുഴുത്ത തെറിയായി പരകായപ്രവേശം നടത്തിയത് പടുജാഹിലായ ഈയുള്ളവന്‍ അറിഞ്ഞില്ല. നിങ്ങളീ വിവരദേഷിയോട് ക്ഷമിക്കണം’. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ റൂമി പറഞ്ഞു.

എന്നാല്‍ റൂമിയുടെ പ്രയോഗത്തില്‍ വംശീയത ആരോപിക്കുന്നവര്‍ക്ക് മുമ്പ് മുസ്‌ലിം ലീഗ് ചെയ്ത കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയുള്ള മാലി ഗുല്‍ദസ്ത എന്നയാളുടെ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മുസ്‌ലിംകള്‍ക്കും വിശ്വാസപരമായ കാരണത്താല്‍ അവര്‍ ബഹുമാനിക്കുന്ന വ്യക്തികള്‍ക്കും ആചാരങ്ങള്‍ക്കും എതിരെ പേടികൂടാതെ മുദ്രാവാക്യത്തെ വിളിക്കാനുള്ള ആത്മവിശ്വാസം മലയാളികള്‍ക്ക് നല്‍കിയത് മുസ്‌ലിം ലീഗുകാരാണ് എന്ന് തുടങ്ങുന്ന കുറിപ്പാണ് ജിഫ്രിത്തങ്ങള്‍ക്കെതിരെ റൂമി നടത്തിയ പ്രയോഗം വിവാദമായ സാഹചര്യത്തില്‍ ചര്‍ച്ചയാവുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മുസ്‌ലിംകള്‍ക്കും വിശ്വാസപരമായ കാരണത്താല്‍ അവര്‍ ബഹുമാനിക്കുന്ന വ്യക്തികള്‍ക്കും ആചാരങ്ങള്‍ക്കും എതിരെ പേടികൂടാതെ മുദ്രാവാക്യത്തെ വിളിക്കാനുള്ള ആത്മവിശ്വാസം മലയാളികള്‍ക്ക് നല്‍കിയത് മുസ്‌ലിം ലീഗുകാരാണ് എന്നതാണ് ചരിത്രം.

മുസ്ലിം ലീഗ് യൂണിയന്‍ ലീഗ് അഖിലേന്ത്യാ ലീഗും യൂണിയന്‍ ലീഗും ആയി പിളര്‍ന്ന കാലത്തു ഇവര്‍ പരസ്പരം വിളിച്ച മുസ്ലിം വിരുദ്ധ മുദ്രാവാക്യത്തിന്റെ ഒരംശം പോലും മലയാളികള്‍ മൊത്തം വിളിച്ചുട്ടുണ്ടാവുകയില്ല. മുസ്ലിം ഏറ്റവും ആദരിക്കുന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പോലും ലീഗുകാരുടെ ആവക മുദ്രാവാക്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല.

അക്കാലത്തെ മുദ്രാവാക്യത്തിന്റെ ഒരു സാമ്പിള്‍ ഇതാ; ‘ഉമ്മര്‍ തങ്ങളെ പാവാട, മുക്കണ്ണന്‍ ഹാജീടെ നെഞ്ചത്ത്. ചെറിയ മമ്മൂന്റെ കള്ളത്തൊപ്പി, ഇ.എം.എസ്സിന്റെ പൂണൂലില്‍ തൂക്കി, അറബിക്കടലില്‍ ആഴ്ത്തും ഞങ്ങള്‍, ഹമുക്ക് ഹാജീടെ കള്ളത്താടി, അറബിക്കടലില്‍ ആഴ്ത്തും ഞങ്ങള്‍, കെ.കെ പി.കെ പട്ടികളെ, നിങ്ങളെ ഞങ്ങള്‍ കണ്ടോളാ’. മറ്റൊരു കിടിലന്‍ മുദ്രാവാക്ക്യം ഇതാ ഇങ്ങനെ ആയിരുന്നു; ‘ എം കമലത്തിന്റെ ബ്ലൗസിന്നുള്ളില്‍, ഉമ്മര്‍ ബാഫഖീന്റെ കയ്യുണ്ട്, മലപ്പുറത്തെ കാടന്‍ തങ്ങള്‍, ഗൗരിപ്പെണ്ണിന്റെ മോനാണോ,
കോഴിക്കോട്ടെ കമല പെണ്ണ്, ഹാജ്യാരാപ്‌ളേടെ മോളാണോ, സെയ്തുമ്മറിന്റെ മൊട്ടത്തലയില്‍, ഐ.ആര്‍ എട്ടു നട്ടാല്‍ പോരാ, ലാഇലാഹ ഇല്ലല്ലാ, ഉമ്മര്‍ ബാഫഖീനെ നീക്കല്ലാ’…

കേരളത്തില്‍ ഒരു പ്രമുഖനായ തങ്ങള്‍ക്കെതിരെ ഒരാള്‍ ഒരക്ഷരം മിണ്ടാന്‍ ധൈര്യപ്പെടാതിരുന്ന കാലത്താണ് ലീഗുകാര്‍ ഈ വക മുദ്രാവാക്യങ്ങള്‍ വിളിച്ചത്. (ലീഗ് ടൈംസ്, ലക്കം 265). അക്കാലത്തു തന്നെയാണ് ചന്ദ്രിക ദിനപത്രം സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ പന്നി ഇറച്ചി തിന്നുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് (ചന്ദ്രിക, 1977, മാര്‍ച്ച 12). 1989 ലെ സമസ്തയിലെ പിളര്‍പ്പിന്റെ കാലത്തും ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചപ്പോഴും ലീഗ് മുദ്രാവാക്യങ്ങളിലെ സര്‍ഗാത്മക പരീക്ഷണങ്ങള്‍ അതിന്റെ മൂര്‍ധന്യതയില്‍ എത്തി.

താടിയും തലപ്പാവും പള്ളിയും പള്ളിക്കൂടവും മാലയും മൗലൂദും തുടങ്ങി ലീഗുകാരുടെ മുദ്രാവാക്യ ആക്രമണം ഏല്‍ക്കാത്ത മുസ്ലിം ചിഹ്നങ്ങള്‍ നന്നേ കുറവ്. ആദ്യം ഐ.എസ്.എസ്സും പിന്നീട് പി.ഡി.പിയുമായി അബ്ദുല്‍ നാസര്‍ മഅദനി രംഗത്തെത്തിയതോടെ രംഗം ഒന്നുകൂടെ ഉഷാറായി. ഒറ്റക്കാളും കള്ളത്താടിയും തൊപ്പിയും തുടങ്ങി ലീഗുകാരുടെ അമ്പ് കൊള്ളാത്ത മുസ്ലിം ചിഹ്നങ്ങളും നേതാക്കളും ഇല്ല തന്നെ എന്ന് പറയാം.

മുസ്ലിം നേതാക്കളുടെ മയ്യിത്തുണ്ടാക്കി അതും ചുമലിലേറ്റി നടക്കുന്ന ലീഗുകാരുടെ ചിത്രം 1990 മുതല്‍ മലയാളികള്‍ക്ക് സുപരിചതമാണ്. സത്യത്തില്‍ ‘പാണക്കാട്ടെ പട്ടികുരച്ചാല്‍, ഏറ്റുകുരക്കും പട്ടികളെ’ എന്നൊക്കെയുള്ള മുദ്രാവാക്യത്തിന്റെ ചരിത്രം തുടങ്ങുന്നത് തന്നെ ബാഫഖി തങ്ങള്‍ക്കെതിരെ ലീഗുകാര്‍ വിളിച്ച മുദ്രാവാക്യത്തിലാണ്.

മുസ്ലിം ലീഗുകാരുടെ സമുദായ സ്‌നേഹവും സാമുദായിക അസ്തിത്വവും തുളുമ്പുന്ന മറ്റൊരു പരിപാടിയുടെ വീഡിയോ ഇതോടൊപ്പം. മലയാളി മുസ്ലിംകള്‍ അവരുടെ സ്വത്വ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചത് എന്ന് കരുതുന്ന മൗലിദിന്റെ (മുഹമ്മദ് നബിയെയും സൂഫികളെയും പ്രകീര്‍ത്തിക്കുന്ന ഗദ്യവും പദ്യവും ഇടകലര്‍ന്ന ഒരു കലാരൂപം) ഈണത്തിലാണ് ഇവിടെ ലീഗുകാരുടെ സമുദായ സ്‌നേഹം വഴിഞ്ഞൊഴുകുന്നത്.

പിണറായി നായീ പുലനായീ എന്നൊക്കെയുള്ളതൊക്കെ പോകട്ടെ, ടി കെ ഹംസ, അബ്ദുല്‍ നാസര്‍ മഅദനി, സൂഫിയാ മഅദനി, ഹുസ്സൈന്‍ രണ്ടത്താണി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ മുസ്ലിം നേതാക്കളെ സൂചിപ്പിക്കാന്‍ ലീഗുകാര്‍ ഉപയോഗിക്കുന്ന പദാവലികള്‍ ശ്രദ്ധിക്കുക. അതില്‍ തന്നെ സൂഫിയാ മഅദനിയെ വിളിക്കുന്നത് , ഓന്റെ ഓളെ സിഫാഹും കത്ത്, സൂഫിയാ മഅദനി സൗജത്തും നാസര്‍ മഅദനി ഡാഷും വാ ഡാഷും ഡാഷും വാ ഡാഷും വാ ഡാഷാ എന്നാണു.

സ്വലാത്, ഖുത്ബിയ്യത്ത് തുടങ്ങിയ മുസ്ലിം ആചാരങ്ങളെ പുലയാട്ടു എന്നാണു ഇതില്‍ വിശേഷിപ്പിക്കുന്നത്. ചന്ദ്രിക ഉമര്‍ ബാഫഖി തങ്ങളെ പരിഹസിച്ചു കാര്‍ട്ടൂണ്‍ വരച്ച ശേഷം അത്തരം കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമത്തിലാണ്. സി പി എമ്മിനെതിരെ, ഹിന്ദു മതേതര വാദികള്‍ക്കെതിരെ, ലിബറലുകള്‍ക്കെതിരെ ജമാഅത്തെ ഇസ്‌ളാമിക്കാരും സെലക്ടീവ് സ്വാതവാദികളായ മുസ്ലിം ലീഗുകാരും ഉന്നയിക്കുന്ന ഏതു തരം ആക്ഷേപങ്ങളും അപഹാസ്യങ്ങളും മുസ്ലിം സമുദായത്തിനകത്ത് നിന്ന് ഏറ്റുവാങ്ങാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ജമാഅത്തെ ഇസ്‌ളാമിക്കാരും മുസ്ലിം ലീഗുകാരുമാണ് എന്ന് മുസ്ലിംകള്‍ക്കകത്തെ വലിയൊരു വിഭാഗം പറയുന്നു.

അപ്പോള്‍ കൂട്ടരേ, നമുക്കീ ഇസ്‌ലാമോഫോബിയയുടെ, വംശീയതയുടെ, ഇങ്ങിനെയുള്ള സ്വകാര്യ ചരിത്രം കൂടി എഴുതണ്ടെ. എങ്കിലല്ലേ ചരിത്രം പൂര്‍ത്തിയാകൂ. അല്ലാതെ വെറുതെയിങ്ങനെ 2017 സെപ്തംബര്‍ 21 നാണു ചരിത്രം ആരംഭിക്കുന്നത് എന്നൊക്കെയുള്ള ഈ ഇരകളി എത്രനാള്‍ മുന്നോട്ടുപോകും? നമുക്കിങ്ങനെ വി ടി ബല്‍റാമിന്റെ പോസ്റ്റുകള്‍ ലൈക്കടിച്ചു കളിച്ചാല്‍ മതിയോ?

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here