തിരുവനന്തപുരം (www.mediavisionnews.in): യൂത്ത് ലീഗ് പ്രചരണ വാഹനം പി.ഡി.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കണിയാപുരത്തെ സംഘര്‍ഷത്തിന് കാരണമായതെന്ന് ആരോപണം. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പൊലീസ് അറസ്റ്റ് ചെയ്ത ലീഗ് പ്രവര്‍ത്തകരെ എം.എല്‍.എമാരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടതായും ആക്ഷേപമുണ്ട്.
പി.ഡി.പി പ്രതിഷേധ പ്രകടനത്തിനിടെയാണ് യൂത്ത് ലീഗിന്‍റെ പ്രവര്‍ത്തകരുമായി പ്രചരണ വാഹനം എത്തിയത്. യൂത്ത് ലീഗ് വാഹനം കണ്ട പി.ഡി.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുവെക്കുകയും വാഹനത്തിനിലുള്ളവരോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് സംഭവം മാറിയത്.
അതിനിടെ, സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് വിട്ടയച്ചതായും പരാതിയുണ്ട്. ഇവര്‍ ആക്രമണത്തില്‍ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പൊലീസ് വിട്ടയച്ചതായാണ് ആരോപണം. ഇരു വിഭാഗങ്ങളുടെ കൊടി തോരണങ്ങളും ഇന്നലത്തെ സംഘര്‍ഷത്തിനിടെ നശിപ്പിച്ചിരുന്നു.