ആവേശക്കടലായി യുവത ഒഴുകിയെത്തി; യുവജനയാത്രയ്ക്ക് ഉജ്വല സമാപനം

0
233

തിരുവനന്തപുരം (www.mediavisionnews.in): പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 24ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ആയിരങ്ങൾ അണിനിരന്ന പ്രകടനം തലസ്ഥാന നഗരത്തെ ഇളക്കിമറിച്ചു. വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള യാത്രയുടെ സമാപനത്തിൽ അണിനിരക്കാൻ രാവിലെ മുതൽ നഗരത്തിലേക്കു പ്രവർത്തകരുടെ പ്രവാഹമായിരുന്നു.

വർഗീയ ഭിന്നിപ്പുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണു കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും ശ്രമിക്കുന്നതെന്നും ഇതിനെതിരെ മതേതര ശക്തികൾ ഒരുമിച്ചു നിൽക്കണമെന്നും കർണാടക മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മുസ്‍ലിം ന്യൂനപക്ഷങ്ങളെ സംഘടിപ്പിച്ചു ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ ലീഗ് വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്നും കർണാടകയിൽ കോൺഗ്രസിന്റെ കിങ്മേക്കർ ആയ ശിവകുമാർ പറഞ്ഞു.

ന്യൂനപക്ഷങ്ങൾ ഭിന്നിച്ചു നിന്നതു കൊണ്ടു മാത്രം അധികാരത്തിലേറിയ ബിജെപി, അവർ ഒന്നിച്ചപ്പോൾ‌ തകരാൻ തുടങ്ങിയെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ ഭരണത്തിൽ അകപ്പെട്ട മറ്റു പല സംസ്ഥാനങ്ങളെയും പോലെ കേരളവും അപകടപാതയിലാണെന്നും ഇതിനെ പ്രതിരോധിക്കുകയാണ് യൂത്ത് ലീഗിന്റെ മുഖ്യലക്ഷ്യമെന്നും ജാഥാ ക്യാപ്റ്റൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂർ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, എം.പി. അബ്ദുസമദ് സമദാനി, എം.കെ. മുനീർ എംഎൽഎ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹിക സേവന, ദുരന്തനിവാരണത്തിനായി യൂത്ത് ലീഗ് പരിശീലിപ്പിച്ചു സജ്ജമാക്കിയ വൈറ്റ് ഗാർഡ് സന്നദ്ധസേനയുടെ സമർപ്പണവും നടന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here