ദില്ലി(www.mediavisionnews.in):തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിന് ശേഷം ഇന്ധനവില വീണ്ടും ഉയരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില താഴുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ വില വര്‍ദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആറു ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ മാത്രം 46 പൈസയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയില്‍ ഇന്ത്യ ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 60 ഡോളറില്‍ താഴെയാണ്. കൊച്ചി നഗരത്തില്‍ 72 രൂപ 56 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 68 രൂപ ഏഴു പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.85 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 69 രൂപ 38 പൈസയായി. കോഴിക്കോട് 72 രൂപ 87 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 68 രൂപ 38 പൈസയുമാണ്.
എണ്ണവിലയിടിവ് തടയാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്ക് എണ്ണ ഉത്പാദനം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്കയില്‍ നിന്നും കൂടുതല്‍ എണ്ണ വിപണിയിലെത്തുന്നുണ്ട്. ഇതാണ് എണ്ണവില ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.