അടിസ്ഥാന വില 20 ലക്ഷം, 8.4 കോടിയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ വരുണ്‍ ആരാണ്?

0
219

തമിഴ്‌നാട് (www.mediavisionnews.in): ഐപിഎല്‍ താരലേലത്തില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പേരുകളിലൊന്നാണ് വരുണ്‍ ചക്രവര്‍ത്തിയുടേത്. കേവലം 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായ താരത്തിനായി പഞ്ചാബ് മുടക്കിയത് 8.4 കോടി രൂപയാണ്. അതായത് ഏകദേശം 42 ഇരട്ടിയിലധികം തുക. എന്തുകൊണ്ടാണ് ഇതുവരെ ഇന്ത്യന്‍ കുപ്പായം പോലും അണിയാത്ത 26കാരനായ വരുണിനെ സ്വന്തമാക്കാന്‍ ഐപിഎല്‍ ടീമുകള്‍ മത്സരിച്ചത്.

അതിനുളള ഉത്തരം വരുണ്‍ ചക്രവര്‍ത്തിയെ അടുത്തറിയുമ്പോള്‍ മനസ്സിലാക്കാനാകും. തമിഴ് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് വരുണിന് കോടികളൊഴുകുന്ന ഐപിഎല്‍ ലേലത്തില്‍ താരമാക്കിയത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഇതുവരെ 10 മത്സരം മാത്രം കളിച്ച ഈ സ്പിന്നര്‍ 4.7 എക്കണോമിയില്‍ ഒന്‍പത് വിക്കറ്റുകളാണ് പിഴുതത്. 2018ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച എക്കണോമി വരുണിനായിരുന്നു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം വരുണിന് വഴിത്തിരിവായി. വിജയ് ഹാസര ട്രോഫിയ്ക്കുളള തമിഴ് ടീമിലേക്ക് വരുണിനെ തിരഞ്ഞെടുത്തു. അതുവരെ നാലാം ഡിവിഷന്‍ ക്രിക്കറ്റ് താരം മാത്രമായിരുന്ന താരം വിജയ് ഹസാര ട്രോഫിയില്‍ ആകെ 86.4 ഓവര്‍ എറിയുകയും 22 വിക്കറ്റുകള്‍ പിഴുതെടുക്കുകയും ചെയ്തു. ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു വരുണ്‍.

അതായത് ക്രിക്കറ്റ് ലോകത്ത് ഒരു റാഷിദ് ഖാനോ, സുനില്‍ നരെയനോ ആകാനുളള സാധ്യതയാണ് വരുണിനെ ഐപിഎല്ലില്‍ ജാക്ക്‌പോട്ട് അടിപ്പിച്ചത്.

ഇരുപത്തിയഞ്ചാം വയസില്‍ ഒരു ആര്‍കിടെക്റ്റ് കമ്പനിയില്‍ നിന്നുള്ള രാജി വെച്ച് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിഞ്ഞ വരുണ്‍ ആദ്യമൊക്കെ സീംബോളിംഗ് ഓള്‍ റൗണ്ടറായിരുന്നു. എന്നാല്‍ കളിക്കിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് അദ്ദേഹത്തെ സ്പിന്‍ ബോളിംഗിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here