750 കോടി+ 200 ചാര്‍ട്ടേഡ് വിമാനങ്ങള്‍+ 450 കോടിയുടെ ബംഗ്ലാവ്+ 3,31,000 കോടി+ 35,000 കോടി= ഇഷ അംബാനിയുടെ വിവാഹം

0
262

മുംബൈ (www.mediavisionnews.in):ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം നടന്നു. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരും ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വരറായ്, ആമിര്‍ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസ്, കരണ്‍ ജോഹര്‍ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

സാമ്പത്തിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 100 മില്ല്യണ്‍ ഡോളര്‍ ആകും കല്ല്യാണത്തിന് പൊടിച്ചിട്ടുള്ളത്. ഇന്ത്യന്‍ രൂപയില്‍ ഇത് 720 കോടിയോളം വരും. ഒരാഴ്ചയാണ് വിവാഹ മാമാങ്കം. നാളെ നടക്കുന്ന വിവാഹ വിരുന്നോടെ വിവാഹാഘോഷങ്ങള്‍ അവസാനിക്കും.

സ്വര്‍ണനാണയവും ചെയിനും ചേര്‍ത്തു മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന വിവാഹ ക്ഷണക്കത്തായിരുന്ന മകളുടെ വിവാഹത്തിന് അംബാനി നല്‍കിയിരുന്നത്. ഡിസംബര്‍ ഏഴിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ ആരംഭിച്ച വിവാഹപൂര്‍വ ചടങ്ങുകളില്‍ രണ്ടായിരത്തോളം അതിഥികളാണ് പങ്കെടുത്തത്.

നാലുദിവസം നീണ്ട ഉദയ്പുരിലെ സത്കാരങ്ങളില്‍ അയ്യായിരത്തിലധികം പ്രദേശവാസികള്‍ക്ക് മൂന്നുനേരത്തെ ഭക്ഷണവും അംബാനി നല്‍കി. മുംബൈയിലെ ഒബ്‌റോയ് ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ അതിഥികളെ ആസ്വദിപ്പിക്കാന്‍ എത്തിയത് ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരില്‍ ഒരാളായ ബിയോണ്‍സാണ്. അമേരിക്കന്‍ പോപ്പ് ഗായികയ്ക്ക് 28 കോടിരൂപയോളം രൂപയാണ് പ്രതിഫലമായി നല്‍കിയത്.

ഉദയ്പുരിലെ ഒബ്‌റോയ് ഉദയ്‌വിലസിലും ലേക് പാലസിലുമായിരുന്നു പരിപാടികള്‍ അരങ്ങേറിയത്. അതിഥികള്‍ക്കു ഇവിടെയെത്താന്‍ 100 ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളാണു ഒരുക്കിയത്. അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകളും ഒരുക്കിയിരുന്നു. വിവാഹം പ്രമാണിച്ച് ഇവിടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം ആതിഥേയര്‍ മുഴുവനായി ബുക്ക് ചെയ്തിരുന്നു. ഇതോടൊപ്പം അതിഥികള്‍ക്ക് വിവാഹാഘോഷ സ്ഥലത്ത് എത്തുന്നതിനായി മെഴ്‌സിഡസ് ബെന്‍സ്, പോര്‍ഷെ, ബിഎംഡബ്ല്യു, ഔഡി, വോള്‍വോ തുടങ്ങിയ കമ്പനികളുടെ ആഡംബര കാറുകളും ഒരുക്കിയിരുന്നു.

ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. അലങ്കരിച്ച കുതിരപ്പുറത്തെത്തിയ വരന്‍ ആനന്ദിനെ ഇഷയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. രാത്രി 8.30-ഓടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

ചടങ്ങുകള്‍ക്ക് ശേഷം ദമ്പതികള്‍ 450 കോടി മുതല്‍മുടക്കില്‍ പിരമലിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില ബംഗ്ലാവിലാണ് താമസിക്കുക. മുംബൈയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ഈ ഉഗ്രന്‍ ബംഗ്ലാവ് ഹിന്ദുസ്ഥാന്‍ യുണീലിവറില്‍ നിന്ന് 450 കോടി രൂപയ്ക്കാണ് അജയ് പിരമല്‍ സ്വന്തമാക്കിയത്. അതേസമയം, 14,000 കോടി രൂപയുടെ ആന്റിലയിലായിരുന്നു ഇഷ ഇതുവരെ താമസിച്ചിരുന്നത്. ആഢംബര വേദിയായ ഇറ്റലിയിലെ ലേക് കോമോയില്‍ വെച്ചായിരുന്നു ഇഷയുടെ വിവാഹ നിശ്ചയം നടന്നത്.

3.31 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ്. 35,000 കോടി രൂപ ആസ്തിയുള്ള അജയ് പിരമല്‍ ഈ ഇന്ത്യന്‍ ധനാഢ്യരില്‍ 24ാം സ്ഥാനത്താണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here