മുബൈ (www.mediavisionnews.in): കാര്‍ഷിക വിളകള്‍ക്ക് വളരെ കുറഞ്ഞ വില ലഭിച്ചതില്‍ പ്രതിഷേധിച്ച് പണം നരേന്ദ്ര മോദിക്ക് മണിയോര്‍ഡറായി തിരിച്ചയച്ചിരിക്കുകയാണ് കര്‍ഷകന്‍. 750 കിലോഗ്രാം ഉള്ളി വിറ്റ കര്‍ഷകന് ആകെ ലഭിച്ചത് 1064 രൂപ മാത്രമാണ്. ഇതില്‍ പ്രകോപിതനായ മഹാരാഷ്ട്രയില്‍ നിന്നുള്ള സജ്ഞയ് സത്തേ എന്ന കര്‍ഷകനാണ് ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ലക്ഷകണക്കിന് കര്‍ഷകര്‍ മോദി സര്‍ക്കാരിനെതിരെ സംഘടിച്ചത്. എന്നാല്‍ ഒരു കിലോ ഉള്ളിയ്ക്ക് ലഭിച്ചതാണ് വെറും ഒരു രൂപ. ന്യായമായ വില പോയിട്ട് തുച്ഛമായ വിലപോലും രാവും പകലും അധ്വാനിച്ച് വിളകളെ പരിപാലിച്ച കര്‍ഷകന് ലഭിച്ചില്ല.
നാസിക് സ്വദേശിയായ സത്തേയോട് അവിടുത്തെ മൊത്ത വ്യാപാരികള്‍ ഒരു കിലോ ഉള്ളിക്ക് ഒരു രൂപ വിലപറഞ്ഞത് തര്‍ക്കത്തിലേക്ക് വഴിവെച്ചിരുന്നു. ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിനൊടുവില്‍ ഒരു രൂപ നാല്പത് പൈസ നല്‍കാം എന്ന് വ്യാപാരികള്‍ പറയുകയായിരുന്നു. ഒരു വഴിയുമില്ലാതെ സത്തേ അതിന് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് 750 കിലോ ഉള്ളിക്ക് 1064 രൂപ ലഭിച്ചത്. ഇതില്‍ പ്രകോപിതനായ സത്തേ തന്റെ കയ്യില്‍ നിന്ന് 54 രൂപ കൂടി മുടക്കിയാണ് പണം മണിയോര്‍ഡറായി പ്രധാനമന്ത്രിക്ക് അയച്ചത്.
2010ല്‍ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളായിരുന്നു സത്തേ. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരവും സത്തേക്ക് ലഭിച്ചിരുന്നു. മഹാരാഷ്ടയിലെ നാസിക് ജില്ലയില്‍ ആണ് ഇന്ത്യയിലെ ഉള്ളി ഉത്പാദനത്തിന്റെ 50 ശതമാനവും.