‘വികാരം’ ഫാന്‍സിന്റെ ചങ്കിടിപ്പ് കൂട്ടി ‘ജാവ’; പുതിയ മോഡലുകളുടെ ബുക്കിംഗ് വിവരങ്ങള്‍ പുറത്ത്

0
262

ന്യൂഡല്‍ഹി(www.mediavisionnews.in): മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപ സ്ഥാപനമായ ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജാവ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. പുതിയ മൂന്ന് മോഡലുകളുമായിട്ടാണ് ഇന്ത്യയിലേക്ക് ജാവ തിരിച്ചെത്തുന്നത്. ബൈക്കുകള്‍ ഈ മാസം 15 മുതല്‍ ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാം. നിലവില്‍ 5000 രൂപ ടോക്കണ്‍ നല്‍കി ജാവ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്. നൂറിലധികം ഡീലര്‍ഷിപ്പുകളാണ് ജാവയുടേതായി ഇന്ത്യയിലുടനീളം വരുന്നത്. ഇവയില്‍ ഭൂരിഭാഗവും ഡിസംബര്‍ 15 നു മുമ്പായി പ്രവര്‍ത്തന ആരംഭിക്കുമെന്നാണ് വിവരം.

ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് വില. ഇതില്‍ ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യ വിപണിയിലെത്തുക. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ആദ്യമെത്തുന്ന രണ്ട് മോഡലുകള്‍ക്കും കമ്പനി നല്‍കിയിരിക്കുന്നത്. 27 ബിഎച്ച്പി പവര്‍ 28 എന്‍എം ടോര്‍ക്കും നല്‍കാന്‍ സാധിക്കുന്ന എഞ്ചിനോടൊപ്പം 6 സ്പീഡാണ് ഗിയര്‍ബോക്‌സുമാണ് മോഡലുകള്‍ക്ക്.

അതേസമയം, ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. ക്ലാസിക്ക് മുഖം സമ്മാനിക്കുന്ന വട്ടത്തിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍ എന്നിവ ജാവ പുതിയ മോഡലുകളിലുണ്ട്. 170 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. സീറ്റ് ഹൈറ്റ് 765 എംഎം. വീല്‍ബേസ് 1369 എംഎം. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കാണ്. മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുണ്ട്. പിന്നില്‍ 153 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്.

ചെക്ക് റിപ്പബ്ലിക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നത്. തുടര്‍ന്നാണ് ഇതിഹാസത്തെ വീണ്ടും ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ മഹീന്ദ്ര തീരുമാനിച്ചത്. മഹീന്ദ്രയുടെ ഈ തീരുമാനമാണ് ഇന്ത്യയിലേക്ക് ജാവയുടെ തിരിച്ചുവരവ് സാധ്യമാക്കിയതും. കമ്പനിയുടെ മധ്യപ്രദേശിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ജാവയുടെ നിര്‍മാണം.

ഇതുപോലൊരു മോഡല്‍ ഇവിടെയുണ്ടോ എന്ന് ചോദിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഒത്ത മറുപടിയുമായാണ് ജാവ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. വികാരം ഫാന്‍സ് തള്ളിമറിക്കുന്ന കാര്യങ്ങളൊന്നും വണ്ടി തിരിച്ച് റൈഡറിന് നല്‍കുന്നില്ലെന്ന പരാതി റോയല്‍ എന്‍ഫീല്‍ഡിനെ വലട്ടുമ്പോഴാണ് ഇന്ത്യന്‍ നിരത്തുകള്‍ ഒരുകാലത്ത് കാല്‍ച്ചുവട്ടില്‍ വെച്ചിരുന്ന ജാവ വീണ്ടും തിരിച്ചെത്തുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here