വര്‍ഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് കെ.എം.ഷാജി; ഡിജിപിക്ക് ഉടന്‍ പരാതി നല്‍കും

0
218

കോഴിക്കോട്(www.mediavisionnews.in): എംഎല്‍എ സ്ഥാനത്ത് നിന്ന് തനിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ വര്‍ഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് കെ.എം.ഷാജി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടന്‍ തന്നെ പരാതി നല്‍കും. നോട്ടീസ് പൊലീസിന് എത്തിച്ചുനല്‍കിയതായി പറയുന്ന സിപിഐഎം പ്രവര്‍ത്തകനെ ചോദ്യംചെയ്തു തെളിവെടുക്കണമെന്നും കെ.എം.ഷാജി പരാതിയില്‍ ആവശ്യപ്പെടും.

നോട്ടീസ് കണ്ടെത്തിയത് യുഡിഎഫ് കേന്ദ്രത്തില്‍ നിന്നല്ല, പകരം സിപിഐഎം പ്രവര്‍ത്തകന്‍ അബ്ദുല്‍ നാസര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുനല്‍കിയതാണെന്ന് വ്യക്തമാക്കുന്ന പൊലീസ് മഹസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്‌ലാം മതവിശ്വാസി അല്ലാത്തവര്‍ക്ക് വോട്ടുകൊടുക്കരുതെന്നു പരാമര്‍ശിച്ച് കെ.എം.ഷാജിക്ക് വേണ്ടി തയാറാക്കിയ നോട്ടീസ് യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന ഹര്‍ജിയിലാണ് അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

ഇക്കാര്യത്തില്‍ വ്യാജമൊഴി നല്‍കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എം. ഷാജി ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇതിനൊപ്പമാണു നോട്ടീസ് കൈമാറിയ സിപിഐഎം പ്രവര്‍ത്തകന്‍ അബ്ദുല്‍ നാസറിന്റെ നടപടിയില്‍ അന്വേഷണത്തിനു പൊലീസിനെ സമീപിക്കുന്നത്. പൊലീസ് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്താതിരുന്ന നോട്ടീസ് യുഡിഎഫ് നേതാവിന്റെ വീട്ടില്‍നിന്നു പിറ്റേന്നു തനിക്കു കിട്ടിയെന്നാണ് അബ്ദുല്‍ നാസര്‍ പറയുന്നത്. അതു സ്റ്റേഷനില്‍ എത്തിച്ചുവെന്നും. ഈ മൊഴിയില്‍ ദുരൂഹതയുണ്ട്. അതുകൊണ്ടു തന്നെ നാസര്‍ അടക്കം സിപിഐഎമ്മുകാരുടെ നടപടികളെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നാണ് കെ.എം. ഷാജിയുടെ ആവശ്യം.

മണ്ഡലത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ സമാന നോട്ടീസുകള്‍ കണ്ടതായി പറയുന്നവരും സിപിഐഎമ്മുകാരാണ്. അവരെയും ചോദ്യംചെയ്തു തെളിവെടുക്കണം. നോട്ടിസ് അച്ചടിച്ച പ്രസും അതിനു നിര്‍ദേശം നല്‍കിയവരെയും കണ്ടെത്താന്‍ ഇത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ ഡിജിപിയെ കാണും. ഷാജിക്കെതിരായ നോട്ടിസ് സ്റ്റേഷനില്‍ എത്തിച്ച അബ്ദുല്‍ നാസര്‍ താന്‍ സിപിഎം പ്രവര്‍ത്തകന്‍ ആണെന്നും എതിര്‍ സ്ഥാനാര്‍ഥിയായ എം.വി. നികേഷ് കുമാറിനു വേണ്ടി പ്രചാരണത്തിലായിരുന്നു എന്നും പറഞ്ഞു പൊലീസിനു നല്‍കിയ മൊഴിയും പുറത്തുവന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here