റാന്നി(www.mediavisionnews.in): രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകിയിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പരാമർശം. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.