യോഗിയുടെ പ്രസംഗം തിരിച്ചടിച്ചു; ബിജെപിയെ കൈവിട്ട് യോഗിയെത്തിയ മണ്ഡലങ്ങള്‍

0
214

ദില്ലി(www.mediavisionnews.in): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബിജെപിയെ കൈവിട്ടതായി കണക്കുകള്‍.  ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ച ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്നാണ് കണക്കുകൂട്ടുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും മതപരമായ പല പരാമര്‍ശങ്ങളും ബിജെപിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ബിജെപി മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദളിത് വോട്ടുകള്‍ പ്രീണിപ്പിക്കാന്‍ നടത്തിയ പരമാര്‍ശങ്ങളും ബിജെപിക്ക് തിരിച്ചടിയായി.

‌മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാ‌യി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. ഇവയില്‍ 63 ൽ മൂന്നിടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം നേടാന്‍ സാധിച്ചത്. ഛത്തീസ്ഗഢിൽ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം നേടാന്‍ സാധിച്ചത്. 2013 ൽ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയ ഇടങ്ങളിലാണ് എട്ട് സീറ്റുകളുടെ കുറവ് നേരിട്ടത്.

മധ്യപ്രദേശിൽ‌ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കമുള്ളത്. രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളിൽ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ലഭിച്ചതെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here