കാസർകോട്(www.mediavisionnews.in): 10 കോടിയിലേറെ രൂപ ചെലവഴിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്നു ബദിയടുക്ക മാന്യയിൽ നിർമിച്ച ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ജില്ലാ ഡിവിഷൻ ലീഗ് മത്സരങ്ങൾക്ക് ഇന്നു തുടക്കമാവും.ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സജിൻ.കെ.വർഗീസ്, ബിസിസി അംഗം ജയേഷ് ജോർജ്, കെസിഎ ട്രഷർ കെ.എം. അബ്ദുൽറഹ്മാൻ എന്നിവർ അറിയിച്ചു.
ഡ്രസിംഗ് റൂം, പവലിയൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി ബിസിസിഐയുടെ അനുമതിയോടെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താനാണ് ആലോചിക്കുന്നത്. രഞ്ജി ഉൾപ്പെടെയുള്ള മൽസരങ്ങൾക്കു പറ്റുന്ന വേദിയാണെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജില്ലാ ലീഗ് ഡിവിഷൻ മത്സരങ്ങൾ നടത്തുന്നത്. ഉദ്ഘാടനത്തിനു മുൻപായി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ-16, അണ്ടർ-19 ലീഗ് മത്സരങ്ങളും നടത്തും.
കേരള ക്രിക്കറ്റ് അസോസിയേഷൻ എല്ലാ ജില്ലയിലും ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചത്.സംസ്ഥാനത്ത് ജില്ലയിൽ മാത്രമാണ് ടർഫ് പിച്ചുകളുടെ കുറവ് ഉണ്ടായിരുന്നത്. ജില്ലയിലെ താരങ്ങൾക്കു മറ്റു ജില്ലകളിലെ താരങ്ങൾക്കൊപ്പം വളരാൻ സാധിക്കും. 7 വിക്കറ്റുകൾ ഉള്ള മാന്യയിലെ സ്റ്റേഡിയം വലിപ്പത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണെന്ന് ഭാരവാഹികളായ ബി.കെ.ഖാദർ, ടി.എച്ച്.നൗഫൽ, ടി.എം.ഇഖ്ബാൽ എന്നിവർ അറിയിച്ചു.
പരാതി ചർച്ച ചെയ്ത് പരിഹരിക്കും
തോട് കയറിയാണ് മാന്യ ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചതെന്ന് പരാതിയിൽ സർക്കാർ തലത്തിൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും. ചെറിയ പ്രശ്‌നങ്ങൾ പരിഹരിച്ച് ഭാവിതാരങ്ങൾക്ക് ഏറെ ഉപകരിക്കുന്ന സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നിർമാണത്തിനായി നികത്തി എന്നാരോപിക്കുന്ന തോട് മൈതാനത്തിന്റെ അരികിലൂടെ ആയിരുന്നു.
തുടക്കത്തിൽ കെസിഎയക്കു ലഭിച്ച രേഖകളിൽ തോട് ഉണ്ടായിരുന്നില്ല. ഈ വിഷയത്തിൽ നിയമം ലംഘിച്ച് ഒരു കാര്യവും ചെയ്യില്ല. പൊതുകാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന പ്രസിഡന്റ് സജിൻ കെ.വർഗീസ് പറഞ്ഞു.