ഭോപ്പാല്‍(www.mediavisionnews.in): മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 114 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 109 സീറ്റില്‍ ബി.ജെ.പി വിജയിച്ചു.
ബി.എസ്.പി രണ്ട് സീറ്റിലും എസ്.പി ഒരുസീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും ജയിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം.
ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും നിലപാട് സംസ്ഥാനത്ത് നിര്‍ണായകമാകും.
അതേസമയം ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് തടയുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി അറിയിച്ചിട്ടുണ്ട്.
നേരത്തെ ചൊവ്വാഴ്ച രാത്രി തന്നെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കാണാന്‍ സമയം ആവശ്യപ്പെട്ടെങ്കിലും അന്തിമ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലംകൈയും ഗുജറാത്തിലെ മുഖ്യമന്ത്രിയുമായിരുന്നു ആനന്ദിബെന്‍.
കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്.