പ്രവാസികള്‍ രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവ്

0
208

വാഷിങ്ടണ്‍(www.mediavisionnews.in): വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക് പുറത്തുവിട്ട കണക്കുകള്‍. ലോകത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി. എണ്ണായിരം കോടി ഡോളര്‍ (5.71 ലക്ഷം കോടിയോളം ഇന്ത്യന്‍ രൂപ) ആണ് ഈ വര്‍ഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചതെന്ന് ശനിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്ക് ശേഷം ചൈനയും മെക്സിക്കോയും ഫിലിപ്പൈന്‍സുമാണ് ഏറ്റവുമധികം പണം വിദേശത്ത് നിന്ന് സ്വീകരിക്കുന്നത്. അമേരിക്ക അടക്കമുള്ള വിദേശ സാമ്പത്തിക മേഖലകള്‍ ശക്തിപ്രാപിച്ചതും എണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് രാജ്യത്തേക്ക് കൂടുതല്‍ പണം എത്താനുള്ള കാരണമായി പറയുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണത്തിന്റെ അളവിനെ എണ്ണവില വര്‍ദ്ധനവ് കാര്യമായി സ്വാധീനിച്ചു.  2018 ലെ ആദ്യ  പകുതിയില്‍ മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അയക്കപ്പെട്ട പണത്തില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

ഏറ്റവുമധികം പണം ഇന്ത്യയിലേക്ക് എത്തുന്നത് യുഎഇയില്‍ നിന്നാണ്. നേരത്തെയും യുഎഇക്ക് തന്നെയായിരുന്നു ഈ സ്ഥാനം. 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന യുഎഇയില്‍ നിന്നാണ് വിദേശത്ത് നിന്നുള്ള 26.9 ശതമാനം പണവും എത്തുന്നത്. അമേരിക്കയും (22.9 ശതമാനം) സൗദി അറേബ്യയും (11.6 ശതമാനം) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഖത്തര്‍ (6.5 ശതമാനം) കുവൈറ്റ് (5.5 ശതമാനം) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here