കാസർകോട്(www.mediavisionnews.in): സാമ്പത്തിക വർഷം അവസാനിക്കാൻ നാലു മാസം ബാക്കിയിരിക്കെ പദ്ധതി വിഹിതം 50ശതമാനത്തിൽ കൂടുതൽ വിനിയോഗിച്ചത് 12 പഞ്ചായത്തുകൾ മാത്രം. അനുവദിച്ച ഫണ്ടിൽ 60 ശതമാനം എങ്കിലും നവംബറിനുള്ളിൽ വിനിയോഗിക്കണമെന്ന സർക്കാർ നിർദേശം പാലിച്ചത് കുറ്റിക്കോൽ (67.45), വലിയപറമ്പ് (65.57) ചെറുവത്തുർ (62.52), പനത്തടി(61.77) ,പിലിക്കോട് (61.54)എന്നീ പഞ്ചായത്തുകൾ മാത്രമാണ്. ജില്ലയിലെ 26 പഞ്ചായത്തുകൾ തുക പകുതിയിൽ താഴെ മാത്രമാണ് വിനിയോഗിച്ചത്.
പ്രവൃത്തികൾ പൂർത്തിയാക്കി നൽകിയ ബില്ലുകൾ സാങ്കേതിക കാരണങ്ങളാൽ ട്രഷറിയിൽ കുടുങ്ങിയതിനാൽ പദ്ധതി വിഹിതം ചെലവഴിച്ചതിന്റെ ശതമാനത്തിൽ മാറ്റം ഉണ്ടാകും. ഏറെ പഞ്ചായത്തുകളിലും അസി.എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തത് പദ്ധതി പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
തൃക്കരിപ്പൂർ (57.91)പള്ളിക്കര (57.72) കയ്യൂർ–ചീമേനി (56.07) ബളാൽ (55.61) അജാനൂർ (53.39),ഈസ്റ്റ് ഏളേരി (53.25) കിനാനൂർ–കരിന്തളം (52.72) എന്നിവ 50 ശതമാനത്തിലേറെയും മുളിയാർ (21.90)കുമ്പള (23.01) ബദിയടുക്ക (25.28) എന്നീ പഞ്ചായത്തുകൾ 30ശതമാനത്തിൽ താഴെയുമാണ് ഇതുവരെയായി വിനിയോഗിച്ചത്.
കുറ്റിക്കോൽ മുന്നിൽ, മുളിയാർ ഏറ്റവും പിന്നിൽ
പദ്ധതി വിഹിതം ചെലവഴിച്ചതിൽ ഗ്രാമപഞ്ചായത്തുകളിൽ മുന്നിൽ കുറ്റിക്കോലും പിന്നിൽ മുളിയാറും. ഭരണ– രാഷ്ട്രീയ പ്രതിസന്ധികളും ജീവനക്കാരുടെ കുറവുകൾ ഏറെ ഉണ്ടായിട്ടും കഴിഞ്ഞ 30 വരെ കുറ്റിക്കോൽ പഞ്ചായത്ത് 67.45 ശതമാനം പദ്ധതി വിഹിതമാണ് ചെലവഴിച്ചത്. എന്നാൽ മുളിയാർ പഞ്ചായത്ത് 21.90 ശതമാനം മാത്രമാണ്. മുൻമാസങ്ങളിൽ മുന്നിലുണ്ടായിരുന്ന വലിയപറമ്പ്, ചെറുവത്തുർ പഞ്ചായത്തുകളെ പിന്നിലാക്കിയാണ് കുറ്റിക്കോൽ മുന്നിലെത്തിയത്.
മുൻ മാസങ്ങളിൽ 38–ാം സ്ഥാനമായിരുന്ന മംഗൽപാടിക്കു ഇത്തവണ 33 സ്ഥാനമുണ്ട്. 40 മുതൽ 50 ശതമാനം ചെലവഴിച്ച 18 പഞ്ചായത്തുകളും 30മുതൽ 40 വരെ ആറു പഞ്ചായത്താണുള്ളത്. പദ്ധതി വിഹിതം ചെലവഴിച്ചതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി അടുത്താഴ്ച ബ്ലോക്ക് തലങ്ങളിൽ യോഗവും തുടർന്നു കുറവ് വിഹിതം ചെലവഴിച്ച പഞ്ചായത്തുകളിൽ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നേരിട്ടെത്തി പരിശോധനയും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ചില പഞ്ചായത്തുകൾ ഏറെ പിന്നിലാണ്. അസി.എൻജിനീയർ ഇല്ലാത്തതിനാൽ പഞ്ചായത്തുകളിൽ മരാമത്ത് പ്രവൃത്തികൾ നടക്കാത്തതിനാലാണ് ഫണ്ട് ചെലവഴിക്കാനാകാത്തത്. ഏറെ പിന്നിലുള്ള പഞ്ചായത്തുകളിൽ പോയി അവിടെയുള്ള പ്രശ്നങ്ങൾ മനസിലാക്കുന്നുണ്ട്. 10 അസി.എൻജിനീയർമാരെ 3 മാസത്തേക്ക് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിയമിച്ചാൽ പദ്ധതി വിഹിതം പൂർണമായി വിനിയോഗിക്കാനാവും. ഡോ.ഡി.സജിത്ത്ബാബു, ജില്ലാ കലക്ടർ, കാസർകോട്.
സെക്രട്ടറി, അസിസ്ററന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാർ മാസങ്ങളോളം പഞ്ചായത്തിൽ ഉണ്ടായില്ല, അതിനാൽ പല പദ്ധതികളും തുടങ്ങാൻ വൈകി, ഇപ്പോൾ ജീവനക്കാരുണ്ട്. പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ മാറാൻ ട്രഷറിയിൽ നൽകിയിട്ടുണ്ടെങ്കിലും മാറ്റി കിട്ടിയില്ല. 4 മാസത്തിനുള്ളിൽ പൂർണമായി ചെലവഴിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ്. ഖാലിദ് ബെള്ളിപ്പാടി, പ്രസിഡന്റ് മുളിയാർ പഞ്ചായത്ത്.