മംഗളൂരു (www.mediavisionnews.in): ബംഗളുരുവിനെയും തെക്കന്‍ കേരളത്തേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66ന്റെ ഭാഗമായ ഉള്ളാലിലെ തോക്കോട്ട് ജങ്ഷന്‍ ഫ്‌ളൈ ഓവര്‍ പണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി കര്‍ണാടകയിലെ ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും ചിത്രമുള്ള മുഖംമൂടികള്‍ ധരിച്ചുകൊണ്ട് ഫ്‌ളൈ ഓവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
കൂടിയിരിക്കുന്ന ജനക്കൂട്ടത്തിനുനേരെ മോദി സ്‌റ്റൈലില്‍ കൈവീശുകയും ചെയ്തു ഇവര്‍.
ദക്ഷിണ കന്നട എം.പി നളിന്‍ കുമാര്‍ കട്ടിലാണ് പാലത്തിന്റെ പണി നീണ്ടുപോകാന്‍ കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
‘ഞങ്ങള്‍ ഞങ്ങളുടെ എം.പിയെയാണ് കുറ്റപ്പെടുത്തുന്നത്. അദ്ദേഹത്തിനാണ് ഉത്തരവാദിത്തം. അദ്ദേഹത്തിന്റെ ചിന്ത എങ്ങനെ സാമുദായിക സംഘര്‍ഷം ഇളക്കിവിടാമെന്നതു മാത്രമാണ്. വികസനത്തില്‍ ഒരു താല്‍പര്യവുമില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി പണി പാതിവഴിയില്‍ നില്‍ക്കുകയാണ്. ഞങ്ങള്‍ ഒരു എം.പിയെ തെരഞ്ഞെടുത്തിട്ടുണ്ട്. അദ്ദേഹം എല്ലായ്‌പ്പോഴും ഫ്‌ളൈ ഓവറിന്റെ ഉദ്ഘാടന തിയ്യതി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പറഞ്ഞത് ഡിസംബര്‍ 30ന് പ്രോജക്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു. എന്നാല്‍ 70% പണി പോലും പൂര്‍ത്തിയായിട്ടില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.’ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റെ് സെക്രട്ടറി നിതിന്‍ കുതാര്‍ പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.