ഡല്‍ഹി (www.mediavisionnews.in): കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഉത്തരവിറങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തീരുമാനം ഉയര്‍ത്തി കേന്ദ്രത്തെ പ്രതിരോധത്തിലാക്കുകയാണ് രാഹുല്‍ ഗാന്ധി.
കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ ബിജെപിക്കെതിരെ പ്രധാന മുദ്രാവാക്യമാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് തുടങ്ങുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മധ്യപ്രദേശിലും ചത്തീസ്ഗഡിലും നടപ്പാക്കി. പത്ത് ദിവസത്തിനകം ഉത്തരവിറക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് ഉയര്‍ത്തിയാണ് മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തിയത്.
നരേന്ദ്ര മോദിക്ക് കഴിയില്ലെങ്കില്‍ അത് കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനൊപ്പം തൊഴില്‍ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനങ്ങളും മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെയും യുവാക്കളുടെയും പിന്തുണ ഉറപ്പാക്കി വലിയ മുന്നേറ്റമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യം. മൂന്ന് സംസ്ഥാനങ്ങളിലെ തീരുമാനങ്ങളുമായി അതിന് കളമൊരുക്കാനുള്ള നീക്കങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.
രണ്ടുതരം ഇന്ത്യയെ മോദി സൃഷ്ടിച്ചു. ഒരുവശത്ത് കര്‍ഷകരും പാവപ്പെട്ടവരും സാധാരണക്കാരയ വ്യവസായികളും എന്നാല്‍ മറുവശത്ത് രാജ്യത്തെ 15 വ്യവസായികളാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയ മിന്നുന്ന വിജയം ആദ്യത്തെ കൂട്ടം ആള്‍ക്കാരുടെ വിജയമാണെന്നും രാഹുല്‍ പറഞ്ഞു.