കാസർകോട്(www.mediavisionnews.in) ദക്ഷിണേന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ സമാജോത്സവുമായി യോഗി ആദിത്യനാഥ് കാസർകോട് എത്തുന്നു. തീവ്ര ഹിന്ദു വികാരം ആളിക്കത്തിച്ച് കേരളത്തിലടക്കം ബി.ജെ.പിയുടെ വളർച്ച ലക്ഷ്യമിട്ടാണ് യോഗിയുടെ റാലി. ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതോടെ യോഗിയെ രംഗത്തിറക്കി സാഹചര്യം അനുകൂലമാക്കുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യം.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിലെയും കർണാടകയിലെയും പാർട്ടി പ്രവർത്തകരെ സജ്ജമാക്കുകയാണ് യോഗി അദിത്യനാഥിന്റെ സമാജോത്സവ് റാലിയുടെ ലക്ഷ്യം. ഡിസംബർ 16ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് പരിപാടി. കേരളത്തിലെ പ്രവർത്തകർക്ക് പുറമെ ദക്ഷിണ ഉത്തര കർണാടകയിലെയും ഉഡുപ്പി മടിക്കേരി ജില്ലകളിലെയും പാർട്ടി പ്രവർത്തകർ കൂടി റാലിയിൽ പങ്കെടുക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ ഹിന്ദു വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് റാലി.
കേരളത്തിനും കർണാടകക്കും പുറമെ തെലുങ്കാന, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടി ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരികയാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി മംഗളൂരുവിൽ ആർ.എസ്.എസിന്റെ ദേശീയ നേതാക്കളുടെ പ്രത്യേക യോഗം നടന്നിരുന്നു. സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തുന്നിതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പരാജയമാണെന്ന വിലയിരുത്തലിലാണ് ആർ.എസ്.എസ് നേതൃത്വം. ഇതിനെ തുടർന്ന് മംഗളൂരു എം.പി നളീന്‍ കുമാര്‍ കട്ടീലിന് ചുമതല നൽകി കേരളത്തിലെ പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കാനാണ് ആർ.എസ്.എസിന്റെ തീരുമാനം.