ജാവ ഇഫക്ട്; റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയില്‍ നവംബറില്‍ 6% ഇടിവ്

0
207

ന്യൂദല്‍ഹി(www.mediavisionnews.in): റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ 2018 നവംബറില്‍ 6 ശതമാനം ഇടിവ്. 70,126 ബൈക്കുകള്‍ വിറ്റിടത്ത് 65,744 ബൈക്കുകളാണ് നവംബറില്‍ ഐഷറിന്റെ കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിറ്റു പോയത്. വിദേശത്തേക്കുള്ള കയറ്റുമതിയിലും വന്‍ ഇടിവാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നേരിടുന്നത്.

2017 നവംബറില്‍ 2,350 ബൈക്കുകള്‍ കയറ്റി അയച്ചിടത്ത് കഴിഞ്ഞ മാസം വെറും 718 ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡിന് കയറ്റി അയക്കാന്‍ കഴിഞ്ഞത്. 69 ശതമാനം ഇടിവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ പഴയ എതിരാളി ജാവ കഴിഞ്ഞ നവംബര്‍ മാസത്തില്‍ തങ്ങളുടെ മൂന്ന് പുത്തന്‍ ബൈക്കുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് എന്‍ഫീല്‍ഡിന് വില്‍പനയില്‍ തിരിച്ചടി നേരിടുന്നത്. ജാവ, ജാവ 42, പേരക് എന്നിങ്ങനെ റോയല്‍ എന്‍ഫീല്‍ഡിനെ വിലയിലും നിലവാരത്തിലും കാഴ്ചയിലും പിടിച്ചു കെട്ടാന്‍ കെല്‍പുള്ള ബൈക്കുകളുമായിട്ടാണ് മോട്ടോര്‍ വാഹന വിപണിയില്‍ ജാവയുടെ പുനപ്രവേശം.

എന്നാല്‍ ഇത് മാത്രമല്ല, സെപ്തംബര്‍ 24 മുതല്‍ തമിഴ്നാട്ടിലെ ഒരാഗാഡം പ്ലാന്റിലെ തൊഴിലാളികളുടെ സമരമാണ് ബൈക്കുകളുടെ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയെ ബാധിച്ചതെന്ന് ഐ.ബി ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. താല്‍കാലിക നിയമനത്തിലുണ്ടായിരുന്ന 120 ജോലിക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ സമരം.

അതേസമയം ജനുവരിയില്‍ ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്ന ജാവയ്ക്ക് ഈ സാഹചര്യം മുതലെടുക്കാന്‍ കഴിയുമോയെന്നാണ് ബൈക്ക് പ്രേമികള്‍ ഉറ്റു നോക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി.ടി 650 എന്നീ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ വിപണിയിലെ അപ്രമാദിത്വം വീണ്ടെടുക്കാമെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രതീക്ഷ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here