മലപ്പുറം(www.mediavisionnews.in): നിയമനത്തില്‍ വീഴ്ചയുള്ളതുകൊണ്ടാണ് കെ.ടി.ജലീലിന്റെ ബന്ധു കെ ടി അദീബ് സ്ഥാനം രാജിവച്ചുപോയതെന്ന് യൂത്ത് ലീഗ് നേതാവ് പി.െക.ഫിറോസ്. കാബിനറ്റ് തീരുമാനം മറികടന്നാണ് കെ.ടി.ജലീല്‍ ബന്ധുനിയമനം നടത്തിയത്. ജലീലിനെ സംരക്ഷിക്കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമപരമായി ജലീലിന് രക്ഷപ്പെടാനാവില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ഫിറോസ് പ്രതികരിച്ചു.
കുറ്റം ചെയ്തത് കൊണ്ടല്ല, ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് അദീബ് രാജിവച്ചത് എന്നാണ് ജലീല്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ കുടുംബത്തില്‍ അദീബിന് മാത്രമേ ആത്മാഭിമാനമുള്ളൂ എന്നും ഫിറോസ് ചോദിച്ചു. പാണക്കാട്ടുനിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് ചോദിക്കുന്ന മന്ത്രിയാട് ഇപി ജയരാജനെ പാണക്കാട്ടുനിന്നാണോ നിയമിച്ചതെന്ന മറുചോദ്യവും ഫിറോസ് ഉന്നയിച്ചു.
അദീബിന്റെ നിയമനത്തില് ചട്ടലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ വിമർശിച്ചും ഫിറോസ് നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ജലീലിനെ ന്യായീകരിച്ചതോടെ ബന്ധുനിയമനത്തില്‍ അദ്ദേഹത്തിന്‍റെ പങ്കും വ്യക്തമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഇ.പി ജയരാജന് നല്‍കാത്ത സൗജന്യം എന്തിനാണ് ജലീലിന് നല്‍കുന്നതെന്നും ഫിറോസ് ചോദിച്ചു.