തിരുവനന്തപുരം(www.mediavisionnews.in): ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍മോചിതനായി. ഗൂഢാലോചന കേസില്‍ 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. ജയിലിന് മുന്നില്‍ നിന്ന് തുറന്ന ജീപ്പില്‍ അദ്ദേഹം എ.എന്‍ രാധാകൃഷ്ണന്‍ നിരഹാരമിരിക്കുന്ന സമരപ്പന്തലില്‍ എത്തും.
ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചുള്ള എല്ലാ പ്രതിഷേധങ്ങളും തുടരും. സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടി വേണ്ട വിധം ഇടപെട്ടില്ല എന്ന് വലിയ വിമര്‍ഷനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് മുതിര്‍ന്ന നേതാക്കളുടെ നേരിട്ടുള്ള നേതൃത്വത്തില്‍ നല്‍കുന്നത്.
സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ വലിയ സ്വീകരണമാണ് പാര്‍ട്ടി നല്‍കുന്നത്.