ബംഗളൂരു (www.mediavisionnews.in): ഐപിഎല്‍ പന്ത്രണ്ടാംപതിപ്പിന്റെ താരലേലം നാളെ. 226 ഇന്ത്യന്‍ താരങ്ങളുള്‍പ്പടെ 346 താരങ്ങളാണ് ലേലപൂളില്‍ ഉള്ളത്. ലേലത്തില്‍ ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക ഇത്തവണ 80 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.
1003 അപേക്ഷകരില്‍ നിന്നാണ് 346 പേരെ ലേലത്തിനായി തിരഞ്ഞെടുത്തത്. എട്ടുടീമുകളിലായി എഴുപത് ഒഴിവുകള്‍ മാത്രം. 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 20 വിദേശതാരങ്ങള്‍ക്കുമാണ് അവസരം ലഭിക്കുക.
ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് കിങ്സ് ഇലവന്‍ പഞ്ചാബില്‍. 15 ഒഴിവുകള്‍. ഏറ്റവും കുറവുള്ളതാകട്ടെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സില്‍. രണ്ട് ഒഴിവുകള്‍ മാത്രം. മുംബൈ ഇന്ത്യന്‍സില്‍ 7 ഒഴിവും രാജസ്ഥാന്‍ റോയല്‍സില്‍ 9 ഒഴിവുകളുമുണ്ട്. സണ്‍ റൈസേഴ്സ് ഹൈദരാബാദിന് 5 താരങ്ങളേയും ആര്‍സിബിയ്ക്ക് 10 താരങ്ങളേയും കൊല്‍ക്കത്തയ്ക്ക് 12 പേരേയും ഡല്‍ഹിക്ക് 10 പേരേയും ലേലത്തില്‍ പിടിക്കാം.
കഴിഞ്ഞ തവണ ഒരു ടീമിന് ലേലത്തില്‍ ആകെ ചെലവഴിക്കാവുന്ന തുക 66 കോടി രൂപയായിരുന്നു. ഇക്കുറി അത് 80 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ടീമിലെ താരങ്ങളുടെ ആകെ എണ്ണം 25–ല്‍ നിന്ന് 27 ആയും വര്‍ധിപ്പിച്ചു. നേരത്തെ തന്നെ ടീമുകള്‍ ചില താരങ്ങളെ നിലനിര്‍ത്തിയിരുന്നു. ഇത്തവണയും ലേലത്തില്‍ ടീമുകള്‍ക്ക് മൂന്ന് ആര്‍.ടി.എം കാര്‍ഡ് ഉപയോഗിക്കാം. ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി റിച്ചാര്‍ഡ് മാഡ്‌ലിക്ക് പകരം ഹ്യൂഗ് എഡ്‌മേഡ്സാകും ലേലം നയിക്കുക.