കൊച്ചി(www.mediavisionnews.in): അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ രാജ്യമൊട്ടാകെ പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകൾ ഏർപ്പെടുത്താൻ നീക്കം. പ്രീ-പെയ്ഡ് സിം കാർഡിന്റെ മാതൃകയിൽ ആവശ്യാനുസരണം റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനമാണിത്. ഔദ്യോഗിക നിർദേശം സംസ്ഥാനങ്ങൾക്ക് വൈകാതെ നൽകും. കേന്ദ്ര ഊർജ സഹമന്ത്രി ആർ.കെ. സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യമൊട്ടാകെ 2.26 കോടി പുതിയ മീറ്ററുകൾ സ്ഥാപിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ബില്ലുകൾ കൃത്യമായി വിതരണംചെയ്യുന്നതിലും തുക ഈടാക്കുന്നതിലുമുണ്ടായ തടസ്സവും ഉയർന്ന ബിൽ നിരക്കിനെച്ചൊല്ലിയുള്ള പരാതിയും വർധിച്ചതോടെയാണ് പ്രീ-പെയ്ഡ് മീറ്ററുകളിലേക്ക് മാറാൻ സർക്കാർ തീരുമാനിച്ചത്.
പ്രീ പെയ്ഡ് ആകുമ്പോള്‍ ഒരുമാസത്തേക്ക് നിശ്ചിത തുക നൽകേണ്ട. വൈദ്യുതി ഉപയോഗിച്ച ദിവസങ്ങൾക്കോ മണിക്കൂറുകൾക്കോ ഉള്ള നിരക്ക് നൽകിയാൽമതി. പാവപ്പെട്ട ഉപഭോക്താക്കൾക്ക് പുതിയ നടപടി സാമ്പത്തികലാഭമുണ്ടാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം. പണം മുൻകൂറായി ലഭിക്കുന്നതിനാൽ കമ്പനികൾക്ക് തുക ലഭിക്കാത്ത സാഹചര്യവും ഉണ്ടാകില്ല.
മീറ്റർ പ്രീ-പെയ്ഡാകുമ്പോൾ സബ്സിഡി ഒഴിവാക്കിയിട്ടില്ല. സംസ്ഥാനങ്ങൾക്ക് സബ്്സിഡി തീരുമാനിക്കാം. എന്നാൽ, സബ്സിഡി തുക സർക്കാരുകൾ വൈദ്യുതിവിതരണകമ്പനികൾക്ക് നൽകണം.
തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും ആലോചിക്കുന്നു. ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാൽ വൈദ്യുതിവിതരണകമ്പനികൾക്ക് പിഴയീടാക്കാനാണ് തീരുമാനം. ഇതിനോട് കമ്പനികൾ വഴങ്ങിയില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. പരിഷ്കരിച്ച വൈദ്യുതിനിരക്ക് നയത്തിൽ ഇതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വൈദ്യുതിവിതരണ ശൃഖലയെ എല്ലാവർഷവും നിരീക്ഷിക്കാനുള്ള നിർദേശവുമുണ്ട്.
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ആദ്യ സമയപരിധി അടുത്തവർഷം ഡിസംബർ 31 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ദിവസം ശരാശരി ഒരുലക്ഷം വീടുകളിൽ പുതിയ കണക്‌ഷൻ നൽകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഡിസംബറോടെ രാജസ്ഥാൻ, മേഘാലയ, അസം, അരുണാചൽപ്രദേശ് എന്നിവയൊഴിച്ചുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും പദ്ധതി പൂർത്തിയാക്കും. ജനുവരി 25-ഓടെ ഈസംസ്ഥാനങ്ങളിലും ലക്ഷ്യംകാണും. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിനാലാണ് രാജസ്ഥാനിൽ പദ്ധതിവൈകിയത്. ബ്രഹ്മപുത്രയിലെ ചതുപ്പുപ്രദേശങ്ങളാണ് അസമിൽ പ്രതിസന്ധിക്ക് കാരണം.