ന്യൂഡല്‍ഹി (www.mediavisionnews.in):
രാജ്യത്ത് ആയിരം പേരില്‍ 22 ആളുകള്‍ക്കാണ് കാര്‍ സ്വന്തമായുള്ളതെന്ന് കണക്കുകള്‍ പുറത്ത്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയാണ് കാര്‍ സ്വന്തമായുള്ളവരില്‍ മുന്നില്‍. ആയിരം അമേരിക്കക്കാരില്‍ 980 പേര്‍ക്കും സ്വന്തം കാറുണ്ട്. ബ്രിട്ടനാണ് തൊട്ടുപിന്നില്‍. ആയിരത്തില്‍ 850 പേര്‍ കാറുടമകളാണ്. ന്യൂസിലാന്‍ഡ് (774), ഓസ്‌ട്രേലിയ (740), കാനഡ (662), ജപ്പാന്‍ (591), ചൈന (164) എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട രാജ്യങ്ങളിലെ കണക്കുകള്‍.
ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ വര്‍ധനയുണ്ടെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി എജന്‍സി കണക്കുപ്രകാരം അടുത്ത രണ്ട് ദശകത്തിനുള്ളില്‍ രാജ്യത്തെ പാസഞ്ചര്‍ കാര്‍ ഉടമസ്ഥരില്‍ ഏകദേശം 775 ശതമാനം വര്‍ധനവുണ്ടാകുമെന്നും അങ്ങനെയെങ്കില്‍ 2040-ഓടെ ആയിരത്തില്‍ 175 പേര്‍ക്ക് കാര്‍ എന്നതാകും ഇന്ത്യയിലെ കണക്കെന്നും അമിതാഭ് കാന്ത് പറഞ്ഞു. ദില്ലിയില്‍ നടന്ന ഇന്ത്യ-യുകെ ഫ്യൂച്ചര്‍ ടെക് ഫെസ്റ്റിവലില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ അമിതാഭ് കാന്ത് വ്യക്തമാക്കിയത്.