ജക്കാര്‍ത്ത(www.mediavisionnews.in): ഇന്തോനേഷ്യന്‍ തീരത്ത‌് വന്‍നാശം വിതച്ച സുനാമിയില്‍ മരണസംഖ്യ 373 ആയി. 1016 പേര്‍ക്ക‌് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട‌്. സമുദ്രത്തിലെ അനാക‌് ക്രാക്കത്താവു അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നാണ‌് സുനാമി രൂപപ്പെട്ടത‌്. അഗ്നിപര്‍വത സ്ഫോടനം അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും സുനാമി സാധ്യതയുണ്ടെന്നും ചൊവ്വാഴ‌്ച വരെ ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ ഏജന്‍സി വക്താവ‌് സുതോപോ പര്‍വോ അറിയിച്ചു.
കൃത്യമായ മുന്നറിയിപ്പ‌് നല്‍കാന്‍ കഴിയാതിരുന്നതാണ‌് മരണസംഖ്യ ഉയരാന്‍ കാരണമായത‌്. ഇന്തോനേഷ്യയിലെ മുന്നറിയിപ്പ‌് സംവിധാനം ഭൂചലനങ്ങളെക്കുറിച്ചുള്ള സൂചന മാത്രമേ നല്‍കൂ. അഗ്നിപര്‍വത സ്ഫോടനങ്ങളെയും സമുദ്രാന്തര്‍ഭാഗത്തെ മാറ്റങ്ങളെയും കുറിച്ച‌് മുന്നറിയിപ്പ‌് നല്‍കാനുള്ള സംവിധാനമില്ല.
ലോകത്തിലെ അഗ്നിപര്‍വതങ്ങളില്‍ 13 ശതമാനവും ഇന്തോനേഷ്യയിലാണെന്നിരിക്കെ അത്തരം സംവിധാനം ഒരുക്കുന്നത‌് പ്രധാനമാണെന്നും പര്‍വോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ പ്രസിഡന്റ‌് ജൊക്കോ വിദോദോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക‌് നിര്‍ദേശം നല്‍കി.
കൂടുതല്‍ വൈദ്യസഹായം എത്തിക്കുമെന്ന‌് ഇന്തോനേഷ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ക്രിസ‌്മസ‌് ആഘോഷവുമായി ബന്ധപ്പെട്ട‌് ദ്വീപിലെത്തിയ വിനോദസഞ്ചാരികളാണ‌് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. നൂറുകണക്കിന‌് കെട്ടിടങ്ങള്‍ തകര്‍ത്ത സുനാമിയില്‍ ഏറ്റവും നാശനഷ്ടമുണ്ടായത‌് ഉജുങ് കുലൊണ്‍ ദേശീയ പാര്‍ക്കും നിരവധി കടല്‍ത്തീരങ്ങളും ഉള്‍പ്പെടുന്ന ജാവയിലെ പാന്‍ഡെഗ്ലാങ‌് ഭാഗത്താണ‌്.