ലക്നൗ (www.mediavisionnews.in): അയോധ്യയിലെ തർക്ക ഭൂമിയിൽ നമസ്‌കാരം അനുവദിക്കണമെന്ന ആവശ്യം ലക്‌നൗ ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ നല്‍കുന്നതെന്ന് വിമര്‍ശിച്ച കോടതി ഹര്‍ജിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു.
അൽ റഹ്മാൻ ട്രസ്റ്റ് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചാണ് പരിഗണിച്ചത്. തര്‍ക്ക സ്ഥലത്ത് നമസ്കരിക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സമൂഹത്തിൽ അശാന്തി ഉണ്ടാക്കുകയാണ് ആണ് ഹർജിക്കാരുടെ ലക്ഷ്യമെന്നും കോടതിയുടെ സമയം പാഴാക്കിയതിന് അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ജസ്റ്റിസ് ഡി.കെ അറോറ, അലോക് മാതുല്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിക്കുകയായിരുന്നു. ട്രസ്റ്റ് പിഴ അടയ്ക്കുന്നില്ലെങ്കില്‍ തുക ഇവരുടെ സ്വത്തില്‍ നിന്ന് ഈടാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദ്ദേശവും നല്‍കി.
തര്‍ക്കസ്ഥലത്തുള്ള രാമ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവാദമുണ്ടെന്നും മുസ്ലിംകള്‍ക്കും ഇവിടെ നമസ്കരിക്കാന്‍ അനുവാദം നല്‍കണമെന്നുമായിരുന്നു ട്രസ്റ്റിന്റെ ആവശ്യം. തര്‍ക്കസ്ഥലത്തെ മൂന്നിലൊന്ന് ഭൂമിക്ക് മുസ്ലിംകള്‍ക്ക് അവകാശമുണ്ടെന്ന 2010ലെ ഹൈക്കോടതി വിധികൂടി കണക്കിലെടുത്താണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ സ്ഥലത്ത് തല്‍സ്ഥിതി തുടരണമെന്ന് കാണിച്ച് 1993ലെ സുപ്രീം കോടതി വിധിയുണ്ടെന്നും ഇവിടുത്തെ 67 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.