ദില്ലി(www.mediavisionnews.in): വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്.പി.) ഉറപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അടുത്തിടെ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കേന്ദ്ര മോട്ടോർ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കുമ്പോൾതന്നെ ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ചു നൽകണം.
നമ്പര്‍ പ്ലേറ്റുകളില്‍ ചില സുരക്ഷാസംവിധാനങ്ങളുമുണ്ടാവുമെന്ന് ഗഡ്കരി വ്യക്തമാക്കി. ഒപ്പം തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. വാഹനത്തിന്റെ എൻജിൻ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.
വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍, എന്ജിന്, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഈ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്മ്മാതാക്കള്ക്കാണ്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്മ്മാതാവിന് ഏര്‍പ്പെടുത്താം. പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും.
എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. അതേസമയം പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് അത് ഘടിപ്പിക്കുന്നതില്‍ തടസ്സമില്ല. 2001 സെപ്റ്റംബറില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍ നിലവിൽ ദില്ലി, ഗുജറാത്ത്, ബംഗാൾ, അസം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് പദ്ധതി നടപ്പിലായത്. സംസ്ഥാനത്ത് ഇതിന് പലതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തിയതിനെത്തുടര്‍ന്ന് നടപടികള്‍ തടസ്സപ്പെടുകയായിരുന്നു.