ന്യൂഡല്‍ഹി (www.mediavisionnews.in):മുത്തലാഖ് നിരോധന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ വോട്ടിനിട്ടു. ബില്ലിനെ അനുകൂലിച്ച് 245 പേര്‍ വോട്ട് ചെയ്തപ്പോള്‍ 11 വോട്ടുകള്‍ ബില്ലിനെ എതിര്‍ത്തു. അതേസമയം, ബില്ലിനെചൊല്ലി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അണ്ണാ ഡിഎംകെയും സഭ ബഹിഷ്‌കരിച്ചു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സഭ ബഹിഷ്‌കരിച്ചത്.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോകസഭയില്‍ ബില്‍ പാസാക്കാന്‍ എളുപ്പമാണെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ പാസാക്കുക ദുഷ്‌കരമാകും. ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖിന് ശിക്ഷ നല്‍കുമ്പോള്‍ മതേതര രാജ്യമായ ഇന്ത്യയിലും ഇത് എന്ത്‌കൊണ്ടായിക്കൂട എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ലിനെ ന്യായീകരിച്ചു.
എന്നാല്‍ പൗരന്മാരുടെ മൗലികാവകാശ ലംഘനങ്ങള്‍ക്ക് സാധ്യതയുള്ള ഭേദഗതികളാണ് പുതിയ ബില്ലില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം മുത്തലാഖ് ബില്ലിനെതിരേ നിലപാടെടുത്തു. മറ്റു മതങ്ങളിലെ വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുമ്പോള്‍ മുസ്ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസെടുത്താല്‍ സ്ത്രീകളുടെ പ്രശ്നം തീരുമോ എന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ബില്ലിനെതിരേയുള്ള പ്രമേയം തള്ളി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷം ആവശ്യവും പരിഗണിച്ചില്ല.
2017 ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
ബില്‍ ഇപ്പോള്‍ പരിഗണിക്കേണ്ടെന്ന് സിപിഎം, ആപ്പ്, എന്‍സിപി, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബില്‍ ഉടന്‍ പരിഗണിക്കേണ്ട ഗൗരവമേറിയ വിഷയമെന്ന് ബിജെപി നിലപാടെടുത്തു. മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഏതുവിധേനെയും പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പല മുസ്ലീം സംഘടനകളും ബില്ലിനെതിരെ രംഗത്തുണ്ടെങ്കിലും ജീവനാംശം ഉറപ്പു വരുത്തുന്ന ബില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം, ലോക്സഭയില്‍ പാസാക്കിയാലും ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ പാസാക്കുക ദുഷ്‌കരമാകും.
മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാം. ഭാര്യയ്ക്കോ രക്തബന്ധമുള്ളവര്‍ക്കോ വിവാഹം വഴി ബന്ധുക്കളായവര്‍ക്കോ മാത്രമേ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയൂ. ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ. ഭാര്യ ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റിന് കേസ് ഒത്തുതീര്‍പ്പാക്കാം. രണ്ട് കക്ഷികള്‍ക്കും ചേര്‍ന്ന് കേസ് പിന്‍വലിക്കാം. ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം. തീരുമാനം മജിസ്ട്രേറ്റിന്റേതായിരിക്കും. തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകള്‍.