കാസര്‍കോട്(www.mediavisionnews.in): മലയോര ഹൈവേയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കാസര്‍കോട് ജില്ലയിലെ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുള്ള ആദ്യ റീച്ച് നിര്‍മാണോദ്ഘാടനം പൈവളിഗെയില്‍ പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.
മലയോര മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വ്യവഹാരങ്ങള്‍ വിപുലമാക്കുകയും ഗതിവേഗം കൂട്ടുകയും ചെയ്യുമെന്നും 45 റീച്ചുകളിലായി നിര്‍മാണം നടത്തുന്ന മലയോര ഹൈവേയുടെ 18 റീച്ചുകളുടെ പ്രാരംഭ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുകയും ബാക്കിയുള്ള സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലെ സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതതെന്നും മന്ത്രി വ്യക്തമാക്കി.
പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി ജെ. ഷെട്ടി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, ചീഫ് എഞ്ചിനീയര്‍ (കേരള റോഡ് ഫണ്ട് ബോര്‍ഡ്) വി.വി ബിനു, പൈവളികെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത വള്‍ട്ടി ഡിസൂസ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്‍. ജയാനന്ദ, പൈവളികെ പഞ്ചായത്തംഗം റാബിയ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (നിരത്തുകള്‍ വിഭാഗം) കെ.പി വിനോദ് കുമാര്‍ സംബന്ധിച്ചു.