ന്യൂഡല്‍ഹി (www.mediavisionnews.in):ഇനി മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ അധിക നികുതി നല്‍കേണ്ടിവരും. 12,000 രൂപയാണ് പുതിയ ഇത്തരം കാറുകള്‍ക്ക് തീരുവ നല്‍കേണ്ടി വരിക. ഇലക്ട്രിക് കാറുകള്‍, ബാറ്ററി നിര്‍മ്മാണം എന്നിവയെ പ്രോത്സാഹിപ്പിക്കാനായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പണം സമാഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് അവസാനഘട്ടത്തിലാണ്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും കാറുകളും വാങ്ങുമ്പോള്‍ 25,000 രൂപ മുതല്‍ 50,000 രൂപവരെ ആദ്യത്തെ വര്‍ഷം ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നാലാമത്തെ വര്‍ഷമാകുമ്പോഴേയ്ക്കും ആനുകൂല്യം 15,000 രൂപയായി കുറച്ചുകൊണ്ടു വരണമെന്നും കരട് പ്ലാനില്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനായി ബജറ്റില്‍ 732 കോടി നീക്കിവെയ്ക്കും.