ന്യൂഡല്‍ഹി (www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധിയെ കാത്തിരുന്നത് ട്രിപ്പിള്‍ മധുരമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതോടെ ദേശീയരാഷ്ട്രീയത്തിലെ ശക്തനായ നേതാവായി രാഹുല്‍ മാറി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും അടയാളപ്പെടുത്തിയ വിജയം.
അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാകണമെന്നാണ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പല പാര്‍ട്ടി നേതാക്കളം ഈ പ്രസ്താവനയെ തള്ളിയും രംഗത്തെത്തി. പ്രധാനമന്ത്രിയിലേക്ക് രാഹുലിന് ഇനിയുമേറെ ദൂരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജനകീയതയും ചര്‍ച്ചയാകുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി എത്രമാത്രം ജനകീയനാണ്? കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാഹുലിന്റെ ജനപ്രീതി മോദിയോടടുത്തതായി സര്‍വെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനപ്രീതിയുടെ കാര്യത്തില്‍ ഇരുവര്‍ക്കും ഇടയിലെ അന്തരം കുറഞ്ഞുവരുന്നതായി എല്ലാ സര്‍വേകളും സൂചിപ്പിക്കുന്നു.
2017 മുതലാണ് രാഹുലിന്റെ ജനപ്രീതിയില്‍ വര്‍ധനവുണ്ടായത്. ഉത്തര്‍പ്രദേശിലെ വലിയ തോല്‍വി കോണ്‍ഗ്രസിനെയും രാഹുലിനെയും ചെറുതല്ലാത്ത രീതിയില്‍ ഉലച്ചു. പിന്നീട് ആശ്വാസം പകര്‍ന്നത് പഞ്ചാബിലെ ജയം. 2014ന് ശേഷമുള്ള വലിയ ജയമായിരുന്നെങ്കിലും ക്രെഡിറ്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനായിരുന്നു. അതേ വര്‍ഷം ജൂലൈയില്‍ ബിഹാറിലും കോണ്‍ഗ്രസിന് അടിതെറ്റി. പ്രതിപക്ഷത്തിന് ഉത്തരമില്ലാതിരുന്ന നാളുകള്‍.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് നേടിയത് അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ നേട്ടത്തോട് രാഹുലും വളര്‍ന്നു. ജനപ്രീതിയില്‍ മോദിയും രാഹുലും തമ്മിലുള്ള അന്തരവും കുറഞ്ഞു.
സിഎസ്ഡിഎസ് സര്‍വേ പ്രകാരം 34 ശതമാനം പേര്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 24 ശതമാനം പേര്‍ രാഹുലിന്റെ പേരുപറഞ്ഞു. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും രാഹുല്‍ തന്നെയാണ് ജനപ്രിയന്‍.
വലിയ മാറ്റത്തിന്റെ സൂചനകളാണ് സീ വോട്ടര്‍, ലോക്‌നീതി സിഎസ്ഡിഎസ് സര്‍വെകള്‍ നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ പലയിടത്തും മോദിയെക്കാള്‍ ജനകീയന്‍ രാഹുലാണെന്നും സര്‍വെയില്‍ പറയുന്നു. ടിവി 5 ന്യൂസ് നടത്തിയ സര്‍വെയില്‍ 41.3 ശതമാനം ആളുകള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. എതിര്‍ത്തത് 35 ശതമാനം പേര്.