കോട്ടയം(www.mediavisionnews.in): മത്തിയും അയലയും കടുത്ത മല്‍സരത്തില്‍. മല്‍സ്യ ചരിത്രത്തില്‍ ആദ്യമായി മത്തിയുടെ (ചാള) വിലയും അയലയുടെ വിലയും തമ്മിലാണ് മല്‍സരം. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്. ജൂണില്‍ ആരംഭിച്ച ഈ സീസണില്‍ മത്തിയുടെ വില പലപ്പോഴും അയലയെ മറി കടന്ന് 200 രൂപയ്ക്കു മുകളില്‍ 220 രൂപ വരെ എത്തി.
മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ (ചാള) ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടില്‍ കിട്ടാക്കനിയാകുന്നത്. ഇത്തരത്തില്‍ ഇടിവ് നേരിട്ടതോടെ കേരളത്തില്‍ മത്തി വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്.
തൃശ്ശൂര്‍ മുതല്‍ വടക്കോട്ട് മത്തിയുടെ ലഭ്യത വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ തെക്കന്‍ മേഖലയില്‍ മത്തി ലഭ്യത കുറഞ്ഞു. മത്തി ചതിച്ചെങ്കിലും ഇത്തവണ അയല അല്‍പ്പം കൂടുതല്‍ ലഭിച്ചതായാണ് ഈ രംഗത്തുളളവര്‍ പറയുന്നത്. ഇന്നലെ കോട്ടയം മത്സ്യഫെഡ് ഫിഷ് മാര്‍ട്ടില്‍ മത്തി വില 160 രൂപയും അയലയുടെ വില 170 രൂപയുമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മത്സ്യഫെഡ്.