തിരുവനന്തപുരം (www.mediavisionnews.in):ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ബാക്കിയാവുന്നത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലാണ്. വേണ്ടതും വേണ്ടാത്തതുമായ നിരവധി ഹര്‍ത്താലുകളാണ് നമ്മുടെ സംസ്ഥാനത്ത് അരങ്ങേറുന്നത്. ഡിസംബര്‍ വരെയുള്ള ഹര്‍ത്താലിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷത്തില്‍ 97 ഹര്‍ത്താലാണ് നടന്നിട്ടുള്ളത്.
ബിജെപിയും സംഘപരിവാര്‍ സംഘടനകളും 33 ഹര്‍ത്താലും, എല്‍ഡിഎഫും അനുകൂല സംഘനകളും 16 ഹര്‍ത്താലും, യുഡിഎഫും അനുകൂല സംഘടനകളും 27 ഹര്‍ത്താലും കേരളത്തില്‍ നടത്തി. കുടുതലും പ്രാദേശിക ഹര്‍ത്താലാണ്. സമൂഹ മാധ്യമങ്ങളിലെ ആഹ്വാനത്തിന്റെ പേരില്‍പോലും സംസ്ഥാനത്തു ഹര്‍ത്താല്‍ നടന്നു. ‘സേ നോ ടു ഹര്‍ത്താല്‍’ കൂട്ടായ്മയാണ് ഹര്‍ത്താലിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.
എകെജിയെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ വിടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഈ വര്‍ഷത്തെ ആദ്യ ഹര്‍ത്താലിനു തുടക്കം കുറിച്ചത്. തൃത്താല നിയോജക മണ്ഡലത്തിലായിരുന്നു ഹര്‍ത്താല്‍. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 120 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്.