ന്യൂദല്‍ഹി(www.mediavisionnews.in): തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ. സുപ്രീംകോടതിയും ഇ.വി.എമ്മിന്റെ ഉപയോഗം സ്ഥിരീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായാണ് ഇ.വി.എമ്മുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യത്തെ ഇന്നലെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിരുന്നു, ഇന്നും നിരസിക്കുന്നു, ഭാവിയിലും നിരസിക്കും.’- സുനില്‍ അറോറ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റിലോ ഇ.വി.എമ്മിലോ ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയെന്നത് ഏറെ നാളായി കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായുള്ള നിയമപരവും ഭരണഘടനാപരവുമായ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.