ന്യൂഡല്‍ഹി(www.mediavisionnews.in): ആധാര്‍ രേഖ ചോദിച്ച് സേവനങ്ങള്‍ മുടക്കാന്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജിവനക്കാര്‍ക്കും മുട്ടന്‍ പണി വരുന്നു. ഇനി മുതല്‍ ടെലികോം കമ്പനികളോ ബാങ്കുകളോ തിരിച്ചറിയല്‍ രേഖയായി ആധാര്‍ വേണമെന്ന് ശഠിച്ചാല്‍ സ്ഥാനപനം ഒരു കോടി രൂപ പിഴ നല്‍കേണ്ടി വരും. തീര്‍ന്നില്ല ഇത് ചോദിച്ച് സേവനം മുടക്കാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവു ശിക്ഷയും നല്‍കും. ഇത്തരത്തിലുളള നിയമ ഭേദഗതിക്ക് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കി.
നേരത്തെ എല്ലാ സേവനങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ സുപ്രീം കോടതി ഭരഘടബഞ്ച് ഇത് വിലക്കുകയും മൊബൈല്‍ കണകഷ്ന്‍ ബാങ്ക് അക്കൗണ്ട് മുതലായവയ്ക്ക് ആധാര്‍ ശഠിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ വൈ സി ഫോമില്‍ ആധാര്‍ വേണമെങ്കില്‍ നല്‍കാനുള്ള അവസരം ഉള്‍പ്പെടുത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.നിലവില്‍ ബാങ്ക് അക്കൗണ്ടിനോ മൊബൈല്‍ കണക്ഷനോ ആധാര്‍ വേണ്ട. ഡ്രൈവിംഗ് ലൈസന്‍സോ റേഷന്‍ കാര്‍ഡോ മതിയാകും. എന്നാല്‍ പല സ്ഥാപനങ്ങളും ഇപ്പോഴും ഇത് ചോദിച്ച് സേവനങ്ങള്‍ തടസ്സപെടുത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ മുതിരുന്നത്.
പല കമ്പനികളും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനുള്ള ഉപാധിയായിട്ടാണ് ആധാര്‍ ചോദിക്കുന്നത് തുടരുന്നത്. ഇത് തന്നെയാണ് ഭരണഘടനാ ബഞ്ച് വിലയിരുത്തിയതും. ബയോമെട്രിക്‌സില്‍ മാറ്റം വരുത്തന്‍ ശ്രമിച്ചാലും പുതിയ ഭേദഗതിയനുസരിച്ച് ശിക്ഷ ലഭിക്കും. വ്യക്തികളുടെ ആധാര്‍ ഡേറ്റയില്‍ എന്തെങ്കിലും മാറ്റത്തിനുള്ള ശ്രമം നടത്തിയാല്‍ 50 ലക്ഷം രൂപ ഏജന്‍സി ഇനി പിഴയൊടുക്കേണ്ടി വരും. കൂടാതെ ഉപയോക്താവിന്റെ സമ്മതമില്ലാതെ ആധാര്‍ വിവരങ്ങള്‍ എടുത്താല്‍ 10000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും.