അയ്യപ്പജ്യോതി ഇന്ന് വൈകീട്ട്; മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ജ്യോതി തെളിയിക്കും

0
201

കോട്ടയം(www.mediavisionnews.in): ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ആറിന് സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മഞ്ചേശ്വരം മുതല്‍  കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതാണ് അയ്യപ്പജ്യോതി. അയ്യപ്പജ്യോതിക്ക് പിന്തുണ നല്‍കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു.

കാസര്‍ഗോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്ന് തുടങ്ങി കളിയിക്കാവിളയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന രീതിയിലാണ് ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിന് ശേഷം എം.സി റോഡിലുമാണ് ജ്യോതി തെളിയിക്കുന്നത്. വൈകീട്ട് അഞ്ചിന് പൊതുയോഗത്തോടെ പരിപാടിക്ക് തുടക്കമാവും. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം സമ്മേളനത്തിലുണ്ടാകും. ആറിന് ദീപം തെളിയിക്കും. ആറരയ്ക്ക് അയ്യപ്പജ്യോതി സമാപിക്കും.

ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെയും സിപിഐഎമ്മിന്റെയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ കടുത്ത ഭാഷയില്‍ എതിര്‍ത്ത എന്‍എസ്എസ് വിശ്വാസികള്‍ക്ക് ആവശ്യമെങ്കില്‍ ജ്യോതിയില്‍ അണിചേരാമെന്നാണ് നിലപാടെടുത്തത്.

ശബരിമലയിലെ യുവതി പ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മ സമിതിയാണ് സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിത മതില്‍  പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പജ്യോതിക്ക് തീരുമാനമായത്.

ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വനിത മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച എന്‍.എസ്.എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതോടെ സര്‍ക്കാര്‍ നിലപാടിന് ബദലാണെന്ന രാഷ്ട്രീയമുഖവും വന്നതോടെ അയ്യപ്പജ്യോതിയുടെ വിജയവും പങ്കാളിത്തവും ഏറെ ചര്‍ച്ചയാവും.

മുൻ പി എസ് സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളിയാവും. തമിഴ്നാട്ടിലെ 69 കേന്ദ്രങ്ങളിലും ജ്യോതി തെളിയിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here