കൊച്ചി(www.mediavisionnews.in): ഹാദിയ കേസ് നടപടികൾ അവസാനിപ്പിച്ച സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഇതോടെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ എൻ.ഐ.എ നടപടിക്കെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയും പിൻവലിച്ചു.
ഷെഫിനും ഹാദിയയും തമ്മിൽ നടന്ന വിവാഹത്തിലേക്കു നയിച്ച കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജിന്റെ മേൽനോട്ടത്തിലാകണം അന്വേഷണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. എന്നാല്‍ ഇതിന് വിരുദ്ധമായി എൻ.ഐ.എ സ്വന്തം നിലക്ക് അന്വേഷണവുമായി മുന്നോട്ടുപോയതിനെതിരെയാണ് ഡിവൈ.എസ്.പി വിക്രമനെതിരെ ഷെഫിൻ ജഹാൻ കോടതിയലക്ഷ്യ ഹരജി നൽകിയത്.
തിങ്കളാഴ്ച കേസ് പരിഗണിക്കവെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ ബോധിപ്പിക്കുകയായിരുന്നു. എന്നാൽ, ഹാദിയ കേസ് സുപ്രീംകോടതി അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി റിപ്പോർട്ട് തങ്ങൾ പരിശോധിക്കുന്നില്ലെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതേതുടർന്ന് ഹരജി പിൻവലിക്കുകയാണെന്ന് ഷെഫിന്റെ അഭിഭാഷകനും അറിയിച്ചു. സുപ്രീംകോടതി ഇതിന് അനുവാദവും നൽകി.