കൊച്ചി(www.mediavisionnews.in):: സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പരസ്യം പതിക്കാത്ത കാരി ബാഗുകള്‍ നല്‍കണമെന്ന് ഉപഭോക്തൃകോടതിയുടെ ഉത്തരവ്. പരസ്യം പതിച്ച ബാഗുകള്‍ക്ക് പണം ഇടാക്കുന്നത് അനീതിയാണെന്ന് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിരീക്ഷിച്ചു. ബില്ലുകളുടെ നിലവാരം കൂട്ടണമെന്നും കോടതി ഉത്തരവിട്ടു. വിവരാവകാശ പ്രവര്‍ത്തകന്‍ ഡിബി ബിനു നല്‍കിയ കേസില്‍ ആണ് നടപടി.
സാധനങ്ങള്‍ വാങ്ങിയിറങ്ങുമ്പോള്‍ കാരിബാഗുകള്‍ ഷോപ്പിംഗ് മാളുകളില്‍ നിന്ന് തന്നെ നല്‍കുകയാണ് പതിവ്. മാളിനുള്ളിലേക്ക് മറ്റ് ബാഗുകളൊന്നും കയറ്റാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ഉപഭോക്താവ് ഈ കവറുകള്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാകും. പരസ്യം പതിച്ച കാരിബാഗുകള്‍ക്ക് ഓരോ വ്യാപാരസ്ഥാപനങ്ങളും ഈടാക്കുന്നതാകട്ടെ വ്യത്യസ്ഥ തുകയും. ഉപഭോക്താവിന്റെ ചെലവില്‍ പരസ്യം വില്‍ക്കാനുള്ള ഈ ശ്രമം ഇനി വേണ്ടെന്നാണ് കോടതിയുടെ തീരുമാനം.പരസ്യം പതിച്ച ബാഗുകള്‍ക്ക് ഉപഭോക്താവില്‍ നിന്ന് തുക ഈടാക്കുന്നത് അനീതിയും നിര്‍ബന്ധിത നടപടിയെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.
എന്നാല്‍ പരസ്യം പതിച്ച ബാഗുകള്‍ക്ക് തന്നെ ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.ഇതോടൊപ്പം തന്നെ ബില്ലുകളുടെ നിലവാരം കൂട്ടണമെന്നും കോടതി ഉത്തരവിട്ടു. വേഗത്തില്‍ മായും വിധം നിലവാരം കുറഞ്ഞ മഷിയും പേപ്പറും ഉപയോഗിക്കുന്ന ബില്ലുകള് പാടില്ല. വ്യാപാരസ്ഥാപനത്തിനെതിരെ പരാതി നല്‍കുന്നതില്‍ നിന്ന് ഇത് ഉപഭോക്താവിനെ തടയും എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.