ഷെയ്ഖ് ഹസീനയ്ക്ക് ഹാട്രിക്കടിക്കാന്‍ മൊര്‍ത്താസ സഹായിക്കുമോ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനും രാഷ്ട്രീയത്തിലേക്ക്

0
225

ധാക്ക (www.mediavisionnews.in): ബംഗ്ലദേശ് ഏകദിന ടീമിന്റെ നായകനായ മഷ്‌റഫെ മൊര്‍ത്താസ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിനിധീകരിച്ച് മൊര്‍ത്താസ മത്സരിക്കുമെന്ന് ബംഗ്ലദേശിലെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാരത്തില്‍ ഹാട്രിക് തികയ്ക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മൊര്‍ത്താസയുടെ രാഷ്ട്രീയ പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതായാണ് സൂചന. പടിഞ്ഞാറന്‍ ബംഗ്ലദേശിലെ നരെയ്ല്‍ സ്വദേശിയായ മൊര്‍ത്താസ, അവിടെനിന്നു തന്നെയാകും ജനവിധി തേടുക.

മൊര്‍ത്താസ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റില്‍ സജീവമായിരിക്കെ തന്നെ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് വിരളമാണ്.

ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനിലും നവ്‌ജ്യോത് സിങ് സിദ്ധു ഇന്ത്യയിലും രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും അവര്‍ ക്രിക്കറ്റ് രംഗം ഒഴിഞ്ഞ ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവരുടെ രാഷ്ട്രീയ പ്രവേശവും അടുത്തിടെയായി വാര്‍ത്തകളില്‍ സജീവമാണ്.

അതേസമയം സജീവ ക്രിക്കറ്റിലുള്ള താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്കു കടക്കാനും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുമുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. അതിനെ ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ, ക്രിക്കറ്റ് കരിയറുകള്‍ ബാലന്‍സ് ചെയ്തു മുന്നോട്ടുപോകാന്‍ മൊര്‍ത്താസയ്ക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനസ് വ്യക്തമാക്കി.

അടുത്ത മാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീന നയിക്കുന്ന അവാമി ലീഗിനെതിരെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാണ് അണിനിരക്കുന്നത്. അധികാരത്തില്‍ ഹാട്രിക് അവസരം തേടുന്ന ഹസീനയെ പുറത്താക്കുകയാണ് ലക്ഷ്യം.

സിംബാബ്‌വേയ്‌ക്കെതിരെ 2001 ലാണ് മൊര്‍ത്താസ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. വലംകൈയന്‍ പേസ് ബൗളറായ മൊര്‍ത്താസ ബംഗ്ലാദേശിനായി 36 ടെസ്റ്റില്‍ നിന്നും 78 വിക്കറ്റും 199 ഏകദിനങ്ങളിലായി 252 വിക്കറ്റും 54 ടി-20യില്‍ നിന്നായി 42 വിക്കറ്റും നേടിയിട്ടുണ്ട്.

ഏകദിനത്തില്‍ 1722 റണ്‍സും ടെസ്റ്റില്‍ 797 റണ്‍സും ടി-20യില്‍ 377 റണ്‍സും മൊര്‍ത്താസ നേടിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here