ലൈംഗികാതിക്രമ പരാതി: പി.കെ.ശശിക്ക് ആറ് മാസം സസ്പെൻഷൻ

0
208

തിരുവനന്തപുരം(www.mediavisionnews.in): പി.കെ.ശശി എം.എല്‍.എയെ ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിലാണ് നടപടി.

പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.

ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ പറഞ്ഞത്. അതേസമയം ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നാണ് പാര്‍ട്ടി കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.

യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എം.പിയുമായിരുന്നു കമ്മിഷനിലെ അംഗങ്ങള്‍. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം കൂടി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here