മാന്യ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിന്‌ സ്ഥലം വാങ്ങൽ അധികാര ദുർവിനിയോഗത്തിന്‌ ടി സി മാത്യുവിനെതിരെ കേസെടുത്തു

0
241

കാസർകോട്‌(www.mediavisionnews.in): കേരള ക്രിക്കറ്റ്‌ അസോസിയേഷനു വേണ്ടി മാന്യയിൽ സ്‌റ്റേഡിയം നിർമിക്കാൻ സ്ഥലം വാങ്ങിയതിലും ഗ്രൗണ്ടും ചുറ്റുമതിലും നിർമിച്ചതിലും കെസിഎയ്‌ക്ക്‌ 2.74 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും വിശ്വാസവഞ്ചന നടത്തിയെന്നുമുള്ള പരാതിയിൽ കെസിഎ മുൻ പ്രസിഡന്റ്‌ ടി സി മാത്യുവിനെതിരെ പൊലീസ്‌ കേസെടുത്തു. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ മുൻ ഭാരവാഹിയും തൃശൂരിലെ അഭിഭാഷകനുമായ കെ പ്രമോദാണ്‌ പരാതി നൽകിയത്‌. ടി സി മാത്യു അധികാര ദുർവിനിയോഗവും സാമ്പത്തിക ദുരുപയോഗവും നടത്തിയെന്ന പേരിലാണ്‌ ബദിയടുക്ക പൊലീസ്‌ ടി സി മാത്യുവിനെതിരെ കേസെടുത്തത്‌. ടി സി മാത്യുവിനെ കൂടാതെ മറ്റാരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കണമെന്ന്‌ പരാതിയിലുണ്ട്‌.

ക്രിക്കറ്റ്‌ സ്‌റ്റേഡിയം നിർമിക്കാനായി  സ്ഥലം വാങ്ങാൻ തീരുമാനിച്ചതിനെ തുടർന്ന്‌ ടി സി മാത്യുവും ഗോൾഡൻ പ്രോപ്പർട്ടീസ്‌ എന്ന കൂട്ടുസ്ഥാപനവും വിൻടച്ച്‌ ബിൽഡേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കന്പനിയുമായി കരാറിലേർപ്പെട്ടു. സെന്റിന്‌ 54,000 രൂപ പ്രകാരം 8.26 ഏക്കർ സ്ഥലമാണ്‌ വാങ്ങിയത്‌. വിൽക്കുന്ന വ്യക്തികൾ തീറെടുക്കുന്ന സ്ഥലം നിരപ്പാക്കി  വസ്‌തുവിലെ കുറ്റിച്ചെടികളും വൃക്ഷങ്ങളും മാറ്റി വൃത്തിയാക്കി നൽകാമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. എന്നാൽ ഇത്‌ ചെയ്‌തില്ലെന്ന്‌ മാത്രമല്ല, ഭൂമി നിരപ്പാക്കുന്നതിന്‌ ടി സി മാത്യു ഭൂമി വിറ്റവർക്ക്‌ 56 ലക്ഷം രൂപ ക്രിക്കറ്റ്‌ അസോസിയേഷന്റെ അക്കൗണ്ടിൽനിന്ന്‌ അധികമായി നൽകിയിട്ടുമുണ്ട്‌. ഇതിലൂടെ അസോസിയേഷന്‌ 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും തെളിഞ്ഞതാണെന്ന്‌ പൊലീസിന്‌ നൽകിയ പരാതിയിൽ പ്രമോദ്‌ പറഞ്ഞിട്ടുണ്ട്‌.
സ്ഥലത്തിന്റെ നടുവിലൂടെ പുറമ്പോക്ക്‌ തോടും പുറമ്പോക്ക്‌ ഭൂമിയുമുണ്ടെന്ന വിവരം അറിയാമായിട്ടും ഇവ പരിഗണിക്കാതെ ടി സി മാത്യു ഭൂമി വാങ്ങുകയായിരുന്നു. ഇതിന്‌ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിലെ ചിലർക്കും പങ്കുള്ളതായി സംശയമുണ്ടെന്നും പരാതിയിലുണ്ട്‌. സ്‌റ്റേഡിയത്തിനായി വാങ്ങുന്ന ഭൂമിയിൽ പുറമ്പോക്ക്‌ വസ്‌തുവോ വനപ്രദേശമോ സർക്കാർ ഭൂമിയോ ഇല്ലെന്ന്‌ വിശ്വസിപ്പിച്ചാണ്‌ ടി സി മാത്യു കരാറിലേർപ്പെട്ടത്‌. ഇതിലൂടെ കേരള ക്രിക്കറ്റ്‌ അസോസിയേഷനെയും ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനെയും മാത്യു വഞ്ചിച്ചതായും സെന്റിന്‌ 27,000 രൂപ മാർക്കറ്റ്‌ വിലയുള്ള സ്ഥലം 54,000 രൂപ നൽകി വാങ്ങിയതിലുടെ മാത്യുവും കൂട്ടാളികളും ചേർന്ന്‌ 2.20 കോടി രൂപ തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞു. പുറമ്പോക്ക്‌ തോട്‌ ഉൾപ്പെടുന്ന 32 സെന്റ്‌ സ്ഥലത്തിനും 54,000  രൂപ നൽകിയതായി കാണിച്ചതിലൂടെ ഈയിനത്തിൽ 17.28 ലക്ഷം രൂപയും അസോസിയേഷന്‌ നഷ്ടം വരുത്തിയതായും പ്രമോദിന്റെ പരാതിയിലുണ്ട്‌.
സ്‌റ്റേഡിയത്തിനായി വാങ്ങിയ ഭൂമിക്ക്‌ കോംപൗണ്ട്‌ മതിൽ നിർമിക്കാനായി ക്വട്ടേഷൻപോലും നൽകാതെ വിൻടെച്ച്‌ ബിൽഡേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ കരാർ നൽകിയതും അന്വേഷിക്കണം. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ ആവശ്യപ്രകാരം കെസിഎയുടെ സെൻട്രൽ കൗൺസിൽ തീരുമാനിച്ചാണ്‌ കരാർ നൽകിയതെന്നാണ്‌ രേഖകളിലുള്ളത്‌. എന്നാൽ ഇത്തരം നിർദേശം മുന്നോട്ടുവച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ അന്നത്തെ ഭാരവാഹിയായ  ടി എം ഇക്‌ബാൽ ബില്ലുകൾ ഒപ്പിടാൻ തയ്യാറായില്ലെന്നും പരാതിയിലുണ്ട്‌. ഈ ഇടപാടിൽ 44,02,550 രൂപ ചെലവാക്കിയിട്ടുണ്ട്‌. ഇവ സംബന്ധിച്ച്‌ കൂടുതൽ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻപേർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രമോദിന്റെ പരാതിയിലുണ്ട്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here