അബുദാബി (www.mediavisionnews.in): അബുദാബിയില്‍ ഞായറാഴ്ച രാത്രി കനത്ത മഴയും കാറ്റും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ക്കുള്ളില്‍ തന്നെ ഇരിക്കണമെന്നും പുറത്തിറങ്ങരുതെന്നും അബുദാബി പോലീസ് ആളുകളുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശമയച്ചു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. ഇതോടെ അബുദാബി പോലീസ് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവിധ ഭാഷകളില്‍ ദൃശ്യങ്ങള്‍ സഹിതം ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളത്തിലുള്ള വീഡിയോ സന്ദേശത്തോടൊപ്പം വായിക്കാന്‍ മലയാളത്തിലുള്ള വിവരണവും പോലീസ് നല്‍കി. ‘പൂര്‍ണ ശ്രദ്ധയോടെ സുരക്ഷിതമായി വാഹനം ഓടിക്കുക. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കുക. പെട്ടെന്ന് ബ്രേക്ക് ഇടാതിരിക്കുക.
വാഹനം തെന്നിമാറാതിരിക്കാന്‍ സാവധാനം വേഗം കുറക്കുക. മുന്നിലുള്ള വസ്തുക്കള്‍ വ്യക്തമായി കാണാനായി വിന്‍ഡ് ഷീല്‍ഡ് വൈപ്പറും ലോ ബീം ലൈറ്റും ഉപയോഗിക്കുക എന്നിവയാണ് പൊതുവായ നിര്‍ദേശങ്ങള്‍. യാത്രയ്ക്കിടെ ചെറിയ അപകടമുണ്ടായാലും പ്രവര്‍ത്തനരഹിതമായാലും വാഹനം റോഡ് സൈഡിലേക്ക് മാറ്റി സുരക്ഷിത അകലത്തില്‍ നിര്‍ത്തിയിടുക. നിങ്ങളുടെ സുരക്ഷക്കും സുഗമമായ ഗതാഗതത്തിനും ഇത് ഗുണകരമാവും.’ ഇതാണ് പോലീസ് ട്വിറ്ററിലൂടെ പങ്കു വെച്ച മലയാളത്തിലുള്ള നിര്‍ദേശം.
അതേസമയം അബുദാബിയില്‍ പലയിടങ്ങളിലും 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് ഊഷ്മാവ്. അല്‍ ഐന്‍, അല്‍ ദഫ്‌റ തുടങ്ങിയ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബീച്ചുകളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകള്‍ക്കും തോടുകള്‍ക്കും സമീപം പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.