മംഗളൂരു(www.mediavisionnews.in): നഗരത്തിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. യാത്രക്കാരുടെ നിരന്തരമുള്ള അഭ്യർഥന മാനിച്ച് എ.സി. ലോഫ്ളോർ ബസ് സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് ബസ്സുകൾ സർവീസ് നടത്താനാണ് തീരുമാനം. ബുധനാഴ്ച ഒരു ബസ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തി. കണ്ണൂർ, കാസർകോട് ഭാഗത്തുനിന്നുള്ള വിമാനയാത്രക്കാർക്ക് ഇത് ആശ്വാസമാകും. മംഗളൂരു നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. റെയിലവേ സ്റ്റേഷനിൽനിന്നും ബസ്‌സ്റ്റാൻഡിൽനിന്നും 500 രൂപമുതൽ 700 രൂപവരെ ഓട്ടോ-ടാക്സി തുക ഈടാക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കുന്നതോടെ മിതമായ നിരക്കിലുള്ള യാത്രാസൗകര്യമാകും. കർണാടക ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ കഴിഞ്ഞയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവിടെനിന്ന് ബസ് സർവീസ് ഇല്ലാത്തതായി ശ്രദ്ധയിൽപ്പെട്ടത്.
കെ.എസ്.ആർ.ടി.സി. അധികൃതരുമായി സംസാരിച്ചപ്പോൾ യാത്രക്കാരുടെ നിരന്തര ആവശ്യമാണിതെന്ന് മനസ്സിലായി. സർവേ നടത്തി സാഹചര്യം പഠിച്ചശേഷം സർവീസ് തുടങ്ങാമെന്നാണ് അധികൃതർ ചീഫ് സെക്രട്ടറിയെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി. അഞ്ച് എ.സി. ബസ്സുകൾ വിമാനത്താവളത്തിലേക്കായി നിരത്തിലിറക്കുന്നത്. നിലവിൽ െബംഗളൂരു വിമാനത്താവളത്തിൽനിന്ന് നഗരപ്രദേശങ്ങളിലേക്ക് ബസ് സർവീസുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.