പുറത്തുവന്നത് ഞെട്ടിക്കുന്ന ഗൂഢാലോചന, ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐ

0
226

തിരുവനന്തപുരം (www.mediavisionnews.in) : ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണ്. സുപ്രിംകോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.

‘ശബരിമല നമുക്ക് നല്ല അവസരമാണ്’ എന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന കേരളം ഞെട്ടലോടെയാണ് കേട്ടത്. സംസ്ഥാനത്ത് വര്‍ഗ്ഗീയകലാപം ഉണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള ഉദ്ദേശമാണ് അദ്ദേഹം ഈ പ്രസംഗത്തിലൂടെ വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമാണ് തങ്ങളുടെ പഴയ നിലപാട് മാറ്റി, യുവതി പ്രവേശനത്തിനെതിരെയും സുപ്രിംകോടതിക്കെതിരെയും ബിജെപി കലാപശ്രമം നടത്തുന്നതെന്ന് ഇതോടെ വ്യക്തമായികഴിഞ്ഞിരിക്കുയാണ്.

നിഷ്‌കളങ്കരായ മുഴുവന്‍ ഭക്തരും മതേതരവിശ്വാസികളും ഈ കുടിലമായ രാഷ്ട്രീയഗൂഢാലോചന തിരിച്ചറിയണം. ഈ ഛിദ്രശക്തികളെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. രക്തമോ, മൂത്രമോ ഒഴിച്ച് അശുദ്ധപ്പെടുത്തി ശബരിമല നട അടപ്പിക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയായി വേണം ഇതിനെയും കാണാന്‍. ശബരിമല എന്ന വിശ്വാസികളുടെ പുണ്യകേന്ദ്രം ബിജെപി, തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി ഉപയോഗിക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ശബരിമല മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി ഉപേക്ഷിക്കണം. ശബരിമല ഭക്തര്‍ക്ക് വിട്ടുകൊടുക്കാന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറാകണം എന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here