ന്യൂദല്‍ഹിർ(www.mediavisionnews.in): നോട്ടുനിരോധനത്തിനു പിന്നാലെ ഒട്ടേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന അവകാശവാദത്തോടെ പുറത്തിറക്കിയ കറന്‍സികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന നോട്ടുകളുടെയത്ര ഗുണമുള്ള പേപ്പറുകളില്ല പുതിയ നോട്ടുകള്‍ അച്ചടിച്ചതെന്നും ഇതാണ് നോട്ടുകള്‍ ഉപയോഗ ശൂന്യമാകാന്‍ കാരണമെന്നും ഹിന്ദി പത്രമായ അമര്‍ ഉജാല റിപ്പോര്‍ട്ടു ചെയ്യുന്നു.
കറന്‍സികള്‍ കേടുവന്നാല്‍ അത് എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ക്വാളിറ്റി കുറഞ്ഞ നോട്ടുകള്‍ എ.ടി.എമ്മുകളിലെ സെന്‍സറുകള്‍ക്ക് തിട്ടപ്പെടുത്താനാവില്ലയെന്നതിനാലാണിത്.
2016ല്‍ ഇറങ്ങിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ മാത്രമല്ല 2018ല്‍ പുറത്തിറങ്ങിയ പത്തിന്റെ പുതിയ നോട്ടുകള്‍ വരെ ഇതിനകം ഉപയോഗശൂന്യമായ നോട്ടുകളുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ നോട്ടിന്റെ ക്വാളിറ്റി കുറഞ്ഞതല്ല മറിച്ച് നോട്ട് സൂക്ഷിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കറന്‍സികള്‍ ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ‘ നോട്ടുകള്‍ ഉപയോഗശൂന്യമാകാന്‍ കാരണം ഇന്ത്യയിലെ ആളുകള്‍ കറന്‍സികള്‍ ചുരുട്ടിയും സാരിയിലും മുണ്ടിലും കെട്ടിയും സൂക്ഷിക്കുന്നതാണ്.’ ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അമര്‍ ഉജാല റിപ്പോര്‍ട്ടു ചെയ്യുന്നു.
ഉപയോഗശൂന്യമായ നോട്ടുകളെ ബാങ്ക് ‘നോണ്‍ ഇഷ്യൂയബിള്‍’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം നോട്ടുകള്‍ എ.ടി.എമ്മുകളില്‍ ഉപയോഗിക്കാനോ വിനിമയം ചെയ്യാനോ പാടില്ല. ഇത്തരം നോട്ടുകള്‍ ആര്‍.ബി.ഐയിലെത്തിക്കുകയാണ് ബാങ്കുകള്‍ ചെയ്യുക.
പുതിയ നോട്ടുകളെ ‘നോണ്‍ ഇഷ്യൂയബിള്‍’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍.ബി.ഐ നിരോധിച്ചിരുന്നു. എന്നാല്‍ വാണിജ്യ ബാങ്കുകളില്‍ നിന്നും കേന്ദ്ര ബാങ്കുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണം 2018 ജൂലൈയില്‍ ഈ നിയമം പിന്‍വലിക്കുകയായിരുന്നു.