യുകെ(www.mediavisionnews.in): ലോകത്തിനു മുൻപിൽ അദ്ഭുത ശിശുവാണ് കൊച്ചു ബറോൺ. യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കോർഡ്രൽ റിഗ്രഷൻ സിൻഡ്രം എന്ന പ്രത്യേക ശാരീരിക അവസ്ഥയോട് കൂടിയാണ് ബറോൺ ജനിച്ചത്. കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയായിരുന്നു ബറോണിന്റെ ജനനം. അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത്തരം രോഗാവസ്ഥ കുഞ്ഞുങ്ങളിൽ പ്രകടമാകാറുളളു.
പിൻഭാഗത്തെ എല്ലുകൾ ഇല്ലാതെ ജനിക്കുന്ന ഇത്തരം കുഞ്ഞുങ്ങളുടെ കാലുകൾ തമ്മിൽ ചേരാത്തതു മൂലം ശരീരത്തിന്റെ അരയ്ക്ക് താഴോട്ടു കുട്ടികൾക്ക് നിയന്ത്രണം ഉണ്ടാകില്ലെന്നുളളതും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്. ബേറോണിന്റെ കാലുകളുടെ പ്രത്യേകത മൂലം കൃത്യമായി വസ്ത്രം ധരിക്കാൻ സാധിക്കില്ല. ഓരോ ദിവസവും ആരോഗ്യ നിലയിൽ നേരിയ വ്യത്യാസം ഉണ്ടാകുകയും ചെയ്യും.
കഴിഞ്ഞ മാസമാണ് ട്രസി ഫ്ലെച്ചർ, എഡ്വിൻ ദമ്പതികൾക്ക് കാത്തിരിപ്പിനൊടുവിൽ കൊച്ചു ബറോൺ ജനിച്ചത്. ഗർഭിണി ആയതിനു ശേഷം ഇരുപതാമത്തെ ആഴ്ചയിൽ നടത്തിയ സ്കാനിങ്ങിൽ കുട്ടിക്ക് കോർഡ്രൽ റിഗ്രഷൻ സിൻഡ്രം ഉണ്ടെന്നും ഗർഭം അലസിപ്പിക്കണമെന്നും ഡോക്ടർമാർ ഇവരോട് ആവശ്യപ്പെട്ടത്. ട്രസിയും എഡ്വിനും അതിനു തയ്യാറായില്ല. ഏത് രോഗാവസ്ഥയിലാണെങ്കിലും എന്തൊക്കെ കുറവുകളുണ്ടെങ്കിലും കുഞ്ഞിനെ കയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു ഇരുവരുടെയും നിലപാട്. കുഞ്ഞിനെ തങ്ങൾക്ക് പറ്റുന്നതു പോലെ പരിചരിക്കുമെന്നും ഇവർ അറിയിച്ചു. ഇവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഡോക്ടർമാർ കീഴടങ്ങുകയായിരുന്നു.
കുഞ്ഞിന് ഒരിക്കലും പൂർണ ആരോഗ്യമുണ്ടാകില്ലെന്നും അംഗവൈകല്യങ്ങൾ ഉണ്ടാകുമെന്നും വൃക്ക തകാരിലാകുമെന്നും മൂത്രാശയ, ഉദരസംബന്ധമായ രോഗങ്ങൾ കാരണം കുഞ്ഞിന്റെ ജീവിതം ദുരിത പൂർണമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ പിൻമാറിയില്ല. ഡോക്ടർമാർ പറഞ്ഞതിലും നാല് ആഴ്ച മുൻപേ ബേറോൺ ജനിക്കുകയും ചെയ്തു. വൻ തുക മുടക്കി കുഞ്ഞിന് ഇരിക്കാനുളള ഇരിപ്പടം ഇവർ കാറില്‍ സജ്ജമാക്കി കഴിഞ്ഞു. ഭാവിയിൽ കുഞ്ഞിന്റെ അരയ്ക്കും കാലുകൾക്കും നട്ടെല്ലിനും ശസ്ത്രക്രിയ നടത്തി സാധാരണക്കാരെ പോലെയാക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ.