രാജമുന്‍ട്രി(www.mediavisionnews.in):: പകല്‍സമയം നൈറ്റി ധരിക്കുന്ന സ്ത്രീകളില്‍ നിന്ന് പിഴയീടാക്കി ഇന്ത്യയിലെ ഒരു ഗ്രാമം. ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരിയിലുള്ള തൊകലപ്പള്ളി എന്ന ഗ്രാമത്തില്‍ പകല്‍ സമയം സ്ത്രീകള്‍ നൈറ്റി ധരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 2000 രൂപയാണ് പിഴ. രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുവരെ നൈറ്റി ധരിക്കുന്ന സ്ത്രീകളെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം ഗ്രാമക്കൂട്ടം നല്‍കും.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തി. ഗ്രാമത്തിലെ ഒമ്പത് അംഗ സമിതിയാണ് പ്രത്യേക തരത്തിലുള്ള ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. രാത്രിയില്‍ ധരിക്കേണ്ട വസ്ത്രമാണ് നൈറ്റിയെന്നും ഇത് പകല്‍ ധരിക്കുന്നത് അരോചകമാണെന്നുമാണ് ഇവര്‍ വിശദമാക്കുന്നത്.
നിരോധനം വന്ന ശേഷം പിഴ നല്‍കാന്‍ കൂട്ടാക്കാത്തവര്‍ക്ക് സാമൂഹ്യ ബഹിഷ്കരണം നേരിടുന്നുണ്ടെന്ന് സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയ തഹസില്‍ദാറിനോടും പൊലീസിനോടും ചില ഗ്രാമവാസികള്‍ പരാതിപ്പെട്ടു. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത് എന്ന് ജനങ്ങൾക്ക് നിർദേശം നൽകിയ ശേഷമാണ് അധികൃതര്‍ മടങ്ങിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദീപാവലിക്കാണ് ഇത്തരം ഒരു നിയന്ത്രണത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്.