ഉപ്പള(www.mediavisionnews.in): തെരെഞ്ഞെടുപ്പ് കേസിന്റെ പിന്നിൽ കടിച്ചു തൂങ്ങാതെ ബി.ജെ.പി ഹൈകോടതിയിൽ നൽകിയ കേസ് പിൻവലിച്ച് മഞ്ചേശ്വരത്ത് ഒരു തെരെഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഈ കേസുമായി ബി.ജെ.പിക്ക് ഏറെ കാലം മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഉപതെരെഞ്ഞടുപ്പിനെ നേരിടാൻ ഭയമാണെന്നും തെരെഞ്ഞടുപ്പ് എപ്പോൾ നടന്നാലും വൻ ഭൂരിപക്ഷത്തോടെ മുസ്‌ലിം ലീഗ് വിജയിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും ജനവിരുദ്ധ നയങ്ങളിൽ പരസ്പരം മത്സരിച്ചാണ് മുന്നോട്ട് പോകുന്നത്. അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീപീഡന പരമ്പരകളാണ് സി.പി.എമ്മിന്റെ മുഖ്യ അജണ്ട. പാർലമെന്റ് തെരെഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാർ വർഗീയ പ്രസ്താവനകൾ നടത്തി കലാപം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമം. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും വിശ്വാസികളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. റിസർവ് ബാങ്കിനെയും തെരെഞ്ഞടുപ്പ് കമ്മീഷനെയും സ്വന്തം നേട്ടത്തിനു വേണ്ടിയാണ് ബി.ജെ.പി ഉപയോഗപ്പെടുന്നത്. ഇത് രാജ്യത്ത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും എഴുത്തുകാരെയും ഭീഷണിപ്പെടുത്തിയും കൊന്നും കേസെടുത്തും എഴുതുവാനും പറയുവാനുമുള്ള അവകാശത്തെ ഹനിക്കുകയാണെന്നും കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉപ്പളയിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മുസ്ലിം പഞ്ചായത്ത് പ്രസിഡന്റ് എം.ബി. യൂസുഫ് അധ്യക്ഷനായി. കെ.എം. ഷാജി എം.എൽ. എ മുഖ്യ പ്രഭാഷണം നടത്തി. നിർധനരായ ഏഴു കുടുംബങ്ങൾക്ക് വീട് നിർമിക്കുവാനുള്ള സ്ഥലത്തിന്റെ രേഖ കെ.പി.എ മജീദ് കൈമാറി. മുസ്ലിം പഞ്ചായത്ത് ജന.സെക്രട്ടറി വി.പി. അബ്ദുൽ ഷുക്കൂർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ധീൻ, ജന: സെക്രട്ടറി എ.അബ്ദുൽ റഹിമാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.ജി.സി ബഷീർ, ജില്ലാ ഭാരവാഹികളായ മുനീർ ഹാജി, അസീസ് മെരിക്കെ, ടി.എ. മൂസ, എം. അബ്ബാസ്, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, അഷ്റഫ് കർള, അബ്ബാസ് ഓണന്ത, എ.കെ. ആരിഫ്, റഹ്മാൻ ഗോൾഡൻ, എം.കെ. അലി, ഗോൾഡൻ മൂസ കുഞ്ഞി, അബ്ദുൽ റഹിമാൻ ബന്തിയോട്, ഉമ്മർ അപ്പോളോ, അബ്ബാസ് ഹാജി, മുസ്തഫ ഉപ്പള സംസാരിച്ചു. നേരത്തെ നയാബസാറിൽ നിന്നും ശക്തി പ്രകടനവും നടന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.